പമ്പ മുതൽ സന്നിധാനം വരെ 258 ക്യാമറകൾ; നിരീക്ഷണം ശക്തമാക്കി പൊലീസ്
പത്തനംതിട്ട: ശബരിമലയിൽ തിരക്ക് വർധിച്ചതോടെ സന്നിധാനത്തും പരിസര പ്രദേശങ്ങളിലും സിസിടിവി നിരീക്ഷണം ശക്തമാക്കി പൊലീസ്. പമ്പ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളിലാണ് പൊലീസ് പരിശോധനയും സിസിടിവി നിരീക്ഷണവും ശക്തമാക്കിയത്. പൊലീസ്, ദേവസ്വം വിജിലൻസ് എന്നിവയുടെ 258 ക്യാമറകളാണ് ഈ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്.
ക്ഷേത്ര പരിസരം 24 മണിക്കൂറും സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാണ്. ചാലക്കയം മുതല്‍ പാണ്ടിത്താവളം വരെ 60 ക്യാമറകളാണ് പൊലീസ് സ്ഥാപിച്ചിട്ടുള്ളത്. സന്നിധാനത്തെ കണ്‍ട്രോള്‍ റൂമിൻ്റെ മേല്‍നോട്ടം പൊലീസ് സ്പെഷ്യല്‍ ഓഫിസർ പി.ബിജോയ്‌ക്കാണ്. ക്യാമറയിൽ പതിയുന്ന നിയമലംഘനങ്ങൾ ഉടൻ തന്നെ പരിശോധിച്ച് അപ്പപ്പോൾ നിയമ നടപടികൾ സ്വീകരിക്കാൻ കഴിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പമ്പ മുതൽ സോപാനം വരെയുള്ള തത്സമയ ദൃശ്യങ്ങൾ ലഭിക്കുന്നതിനാൽ ഭക്തരുടെ തിരക്ക് നിയന്ത്രിക്കാനും ഇതുവഴി സാധിക്കുന്നുണ്ട്.