ദുർഗന്ധം മാറാൻ രാസപദാര്‍ത്ഥം, കുറ്റ്യാടി ചുരത്തിൽ കുടിവെള്ളമെടുക്കുന്ന അരുവിക്കടുത്ത് കക്കൂസ് മാലിന്യം തള്ളി
കോഴിക്കോട്: കുറ്റ്യാടി ചുരത്തില്‍ വിവിധയിടങ്ങളിലായി കക്കൂസ് മാലിന്യം തള്ളി. മൂന്നും പത്തും വളവുകളിലും ചൂരണി ബദല്‍ റോഡിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലുമാണ് ശുചിമുറി മാലിന്യം തള്ളിയത്. ദുര്‍ഗന്ധം ഉണ്ടാകാതിരിക്കാന്‍ ഇവിടെയെല്ലാം പ്രത്യേക രാസപദാര്‍ത്ഥം ഒഴിക്കിയതായി നാട്ടുകാര്‍ പറഞ്ഞു. ടൗണുകളിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് കരാറെടുത്ത് ടാങ്കര്‍ ലോറികളില്‍ ശേഖരിച്ച കക്കൂസ് മാലിന്യമാണ് ചുരത്തില്‍ തള്ളിയതെന്നും നാട്ടുകാര്‍ ആരോപിച്ചു.
പ്രദേശത്തെ നൂറോളം കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ഇവിടെയുള്ള നിരവധി നീരുറവകളെയാണ്. ഇവിടെ ഹോസ് സ്ഥാപിച്ചാണ് ഇവര്‍ കുടിവെള്ളം ശേഖരിക്കുന്നത്. ഇതിന് സമീപമായാണ് മാലിന്യം തള്ളിയിരിക്കുന്നത്. കാവിലുംപാറ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനകീയ പിന്തുണയോടെ കുറ്റ്യാടി ചുരത്തില്‍ സൗന്ദര്യവല്‍ക്കരണ നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തി ഉചിതമായ ശിക്ഷ നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.