ഹേമ കമ്മിറ്റി റിപ്പോർട്ട്; അതിജീവിതകൾക്ക് ബന്ധപ്പെടാൻ നോഡൽ ഓഫീസർ, ജി പൂങ്കുഴലി ഐപിഎസിന് ചുമതല
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകളിലെ അതിജീവിതകൾക്ക് ബന്ധപ്പെടാൻ നോഡൽ ഓഫീസറെ ഏർപ്പെടുത്തി. ഡിജിപി. ജി പൂങ്കുഴലി ഐപിഎസ് ആണ് നോഡൽ ഓഫീസർ. ഏത് അടിയന്തര സാഹചര്യത്തിലും അതിജീവിതമാർക്ക് ഉദ്യോഗസ്ഥയെ ബന്ധപ്പെടാം. ഭീഷണി അടക്കമുള്ള സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ നോഡൽ ഓഫീസറുടെ സംരക്ഷണം തേടാമെന്നും ഡിജിപി വ്യക്തമാക്കി.
പരാതികളിൽ സ്വീകരിച്ച നടപടികൾ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറെ അറിയിക്കണമെന്നും ഡിജിപി നിർദേശം നൽകി.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നോഡൽ ഓഫീസറെ നിയമിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തോട് (എസ്ഐടി) ഹൈക്കോടതി നിർദേശിച്ചിരുന്നു. പരാതിക്കാർ നേരിടുന്ന ആക്ഷേപങ്ങളെക്കുറിച്ച് നോഡൽ ഓഫീസറെ അറിയിക്കാം. ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയവർ ഭീഷണി നേരിടുന്നതായി ഡബ്ല്യുസിസി ആരോപിച്ചിരുന്നു. ഇതിനെ തുടർന്നാണ് എസ്ഐടിയോട് നോഡൽ ഓഫീസറെ നിയമിക്കാൻ ഹൈക്കോടതി നിർദേശിച്ചത്.
ഭീഷണി സന്ദേശങ്ങൾ ലഭിച്ചാൽ പരാതിക്കാർക്ക് നോഡൽ ഓഫീസറെ അറിയിക്കാം. പരാതികൾ പരിശോധിച്ച് നോഡൽ ഒഫീസർ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 19നായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത്. ഇതിന് പിന്നാലെ വിവാദവും തലപൊക്കി. റിപ്പോർട്ട് പുറത്തുവന്നപ്പോൾ 49 മുതൽ 53 വരെയുള്ള പേജുകൾ ഉണ്ടായിരുന്നില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഏറ്റവും നിർണായകമായ വിവരങ്ങൾ ഈ പേജുകളിലാണെന്നായിരുന്നു ഉയർന്ന ആരോപണം.
ഇക്കാര്യം ചൂണ്ടിക്കാട്ടി റിപ്പോർട്ടർ ചാനൽ പ്രതിനിധി ആർ റോഷിപാൽ അടക്കമുള്ളവർ വീണ്ടും വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകുകയും ഹിയറിങ് നടക്കുകയും ചെയ്തിരുന്നു. നീക്കം ചെയ്ത പേജുകൾ പുറത്തുവരേണ്ടതുണ്ടെന്നായിരുന്നു ഹിയറിങ്ങിൽ റോഷിപാൽ അടക്കമുള്ള മാധ്യമപ്രവർത്തകർ മുന്നോട്ടുവെച്ച പ്രധാന ആവശ്യം.