ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി സർക്കാർ പൂർണ പിന്തുണയാണ് നൽകി വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനറൽ ഹോസ്പിറ്റൽ കാമ്പസിൽ സ്ഥാപിച്ച അപെക്‌സ് ട്രോമ ആന്റ് എമർജൻസി ലേണിംഗ് സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കഴിഞ്ഞ ബജറ്റിൽ അപെക്‌സ് ട്രോമ ആന്റ് എമർജൻസി ലേണിംഗ് സെന്ററിനായി 12 കോടി രൂപയാണ് മാറ്റിവച്ചത്. അപക്‌സ് ട്രോമ ട്രെയിനിംഗ് സെന്ററിന്റെ ഭാഗമായി അഞ്ചു കോടി രൂപ വിനിയോഗിച്ച് ഒരു പുതിയ സംവിധാനമായ നൈപുണ്യ പഠനകേന്ദ്രമായ കിമാറ്റ് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മിനിമൽ ആക്‌സസ് ട്രെയിനിങ്) ഈ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ സ്ഥാപിക്കുന്നതിന് സർക്കാർ അനുമതി നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ആരോഗ്യവകുപ്പിന് നൈപുണി പരിശീലനത്തിനു മാത്രമായി ഒരു പ്രത്യേക വിഭാഗം ആരംഭിക്കുന്നത്. വിവിധ സ്‌പെഷ്യാലിറ്റിയിലുള്ള ഡോക്ടർമാർക്ക് ശസ്ത്രക്രിയയടക്കം പ്രായോഗിക പരിചയം നൽകാൻ ഈ നൈപുണ്യ പരിശീലനകേന്ദ്രം ഉപയോഗിക്കും. മാത്രമല്ല, വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാർക്കും കൃത്യമായ കാലയളവിൽ പരിശീലനം നൽകും. വിവിധ ജില്ലകളിലെയും ജനറൽ ആശുപത്രികളിലെയും ജില്ലാ നൈപുണ്യ ലാബുകൾ, തുടർപരിശീലന കേന്ദ്രങ്ങളായി പ്രവർത്തിക്കും. അറിവ് നവീകരിക്കുന്നതിനും മെഡിക്കൽരംഗത്ത് സംഭവിക്കുന്ന പുതിയ മാറ്റങ്ങൾ സ്വാംശീകരിക്കുന്നതിനും ഇതുപകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ലോകോത്തര ട്രെയിംഗ് സെന്റർ യാഥാർത്ഥ്യമാക്കിയതിൽ സന്തോഷമുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ടാറ്റ ട്രെസ്റ്റിന്റെ സഹകരണത്തോടെയാണ് സെന്റർ യാഥാർത്ഥ്യമാക്കിയത്. ലോകത്തിലെ വലിയ ട്രോമ പരിശീലന സ്ഥാപനം നമ്മുടെ സംസ്ഥാനത്ത് വന്നതോടെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ പോയി പരിശീലനം നടത്തുന്നത് ഒഴിവാക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
വി.കെ. പ്രശാന്ത് എം.എൽ.എ. മുഖ്യാതിഥിയായ ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, ടാറ്റ ട്രസ്റ്റ് സി.ഇ.ഒ. ശ്രീനാഥ് നരസിംഹൻ എന്നിവർ മുഖ്യാതിഥിയായി. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖേബ്രഗഡെ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലാ ബീവി, ജോ. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. ബിന്ദു മോഹൻ, കൗൺസിലർ എ. മേരി പുഷ്പം, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. പദ്മലത, സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. കെ.വി. വിശ്വനാഥൻ, കോ-ഓർഡിനേറ്റർ ഡോ. ഡി. ശ്രീകാന്ത് എന്നിവർ പങ്കെടുത്തു.