20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • കൂടുതല്‍ സര്‍വീസിന് ശ്രമം തുടരും : മുഖ്യമന്ത്രി
Kerala

കൂടുതല്‍ സര്‍വീസിന് ശ്രമം തുടരും : മുഖ്യമന്ത്രി

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വിദേശ കമ്പനികള്‍ക്ക് ഉള്‍പ്പെടെ കൂടുതല്‍ സര്‍വീസുകള്‍ക്ക് വേണ്ടിയുള്ള ശ്രമം തുടര്‍ച്ചയായി നടത്തി വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുകൂല സമീപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കാര്‍ഗോ കോംപ്ലക്സ് ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കൊവിഡ് ഏറ്റവും കൂടുതല്‍ തകര്‍ത്ത ഒരു മേഖലയാണ് വ്യോമയാന രംഗം. കണ്ണൂര്‍ വിമാനത്താവളത്തിന് ഇത് പരീക്ഷണകാലം ആയിരുന്നു. ഇച്ഛാ ശക്തിയോടെയും കൂട്ടുത്തരവാദിത്തതോടെയുമുള്ള പ്രവര്‍ത്തനം കൊണ്ട് അതിനെ നേരിടാനായി. വിദേശ കമ്പനികള്‍ക്ക് കണ്ണൂരില്‍ നിന്ന് സര്‍വീസിന് അനുമതി വേണമെന്ന ആവശ്യത്തില്‍ അനുകൂല സമീപനം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി കേന്ദ്ര വ്യോമയാന സഹമന്ത്രി ഹര്‍ദീപ് സിംഗ് പുരിയോടായി ആവശ്യപ്പെട്ടു.
നാള്‍ക്കുനാള്‍ അഭിവൃദ്ധിപ്പെടുന്ന വിമാനത്താവളമാണ് കണ്ണൂരിലേത്. ഇപ്പോള്‍ ഉദ്ഘാടനം ചെയ്യുന്ന കാര്‍ഗോ കോംപ്ലക്‌സും ഡ്യൂട്ടി ഫ്രീ ഷോപ്പും വിമാനത്താവള വികസനത്തിന് ഉതകുന്ന പദ്ധതികള്‍ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര വ്യോമയാന സഹമന്ത്രി ഹര്‍ദീപ് സിംഗ് പുരി മുഖ്യാതിഥിയായി. വടക്കന്‍ മലബാര്‍, കൂര്‍ഗ്, മംഗലാപുരം എന്നിവിടങ്ങളിലെ വിനോദ സഞ്ചാര മേഖലയെ ബന്ധിപ്പിക്കുന്ന പ്രധാന കേന്ദ്രമാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളമെന്ന് സഹമന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. കണ്ണൂരിന്റെ കൈത്തറി – ക്ഷീര – കാര്‍ഷിക – വ്യവസായ മേഖലകള്‍ക്ക് പുതിയ വാണിജ്യസാധ്യതകള്‍ തേടാനും വിപണി കണ്ടെത്താനും കാര്‍ഗോ സംവിധാനം ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വ്യവസായ കായിക യുവജന ക്ഷേമ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. കണ്ണൂരില്‍ നിന്നുള്ള ചരക്കു ഗതാഗതത്തില്‍ കാര്‍ഗോ കോംപ്ലക്‌സ് വലിയ വളര്‍ച്ച ഉണ്ടാക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. കാര്‍ഷിക, വാണിജ്യ, വ്യാപാര മേഖലക്ക് ഏറെ മുന്നേറ്റമുണ്ടാക്കാന്‍ ഇത് സഹായകമാകും. മലബാറിലെ പ്രധാന വ്യോമയാന ചരക്കു നീക്ക കേന്ദ്രമായി കണ്ണൂര്‍ മാറും -അദ്ദേഹം അഭിപ്രായപ്പെട്ടു.
തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഭദ്ര ദീപം കൊളുത്തി. ശിലാഫലക അനാച്ഛാദനവും അദ്ദേഹം നിര്‍വഹിച്ചു.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതുതായി ആരംഭിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ ഉദ്ഘാടനം കിയാല്‍ മാനേജിങ് ഡയരക്ടര്‍ വി തുളസിദാസ് നിര്‍വഹിച്ചു.
1200 ചതുരശ്ര മീറ്ററാണ് കാര്‍ഗോ കോംപ്ലക്‌സിന്റെ വിസ്തീര്‍ണം. 12000 മെട്രിക് ടണ്‍ ചരക്ക് നീക്കത്തിന് ശേഷിയുള്ളതാണ് പുതിയ കാര്‍ഗോ കോംപ്ലക്സ്. ആദ്യ കാര്‍ഗോ ഇന്‍ഡിഗോ എയര്‍ലൈന്‍സിനാണ്. എളുപ്പത്തില്‍ നശിച്ചുപോവുന്ന മത്സ്യ മാംസങ്ങള്‍, പൂക്കള്‍, പഴങ്ങള്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയും എഫ്എംസിജി ഉല്‍പന്നങ്ങള്‍, കൈത്തറി, തുണിത്തരങ്ങള്‍, കരകൗശല വസ്തുക്കള്‍, ഡ്രൈ ഫ്രൂട്ട്‌സ്, വേര്‍ജിന്‍ വെളിച്ചെണ്ണ, മറ്റു ഉല്‍പന്നങ്ങള്‍ എന്നിവയുമാണ് കയറ്റുമതി ചെയ്യുക. 5800 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ 55000 മെട്രിക് ടണ്‍ ചരക്ക് നീക്കത്തിനു സാധിക്കുന്ന കാര്‍ഗോ കോംപ്ലക്‌സിന്റെ നിര്‍മാണം നടന്നുവരികയാണ്. ഇത് പൂര്‍ണമായും അന്താരാഷ്ട്ര ചരക്ക് നീക്കത്തിനായിരിക്കും ഉപയോഗിക്കുക.
റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍, ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍, എം പിമാരായ കെ സുധാകരന്‍, കെ കെ രാഗേഷ്, മട്ടന്നൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ അനിത വേണു, വൈസ് ചെയര്‍മാന്‍ പി പുരുഷോത്തമന്‍, കീഴല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനില്‍ കുമാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

മണ്ഡല മകരവിളക്ക് സുരക്ഷ; ഇത്തവണയും കാനനപാത യാത്ര അനുമതിയില്ല

Aswathi Kottiyoor

വിദേശയാത്ര പോകുന്നവർക്കു പാസ്പോർട്ട് നമ്പർ ചേർത്ത് വാക്സീൻ സർട്ടിഫിക്കറ്റ്; തെറ്റുണ്ടെങ്കിൽ?.

Aswathi Kottiyoor

പരിസ്ഥിതി ദിനത്തിൽ 445 പുതിയ പച്ചത്തുരുത്തുകൾക്ക് തുടക്കം കുറിക്കും

Aswathi Kottiyoor
WordPress Image Lightbox