കണിച്ചാര്‍:കണിച്ചാര്‍ പഞ്ചായത്തിനെ സമ്പൂര്‍ണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു . പഞ്ചായത്തിന് കീഴിലുള്ള 15 സ്ഥാപനങ്ങള്‍ ശുചിത്വ പദവി നേടുകയും കണിച്ചാര്‍ പഞ്ചായത്തിലെ കണിച്ചാര്‍,കൊളക്കാട് എന്നീ ടൗണുകള്‍ മാലിന്യമുക്തമാക്കിയാണ് സമ്പൂര്‍ണ്ണ ശുചിത്വ പഞ്ചായത്ത് പ്രഖ്യാപനം നടത്തിയത്. മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കുകയും പതിനാലംഗ ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനവും പഞ്ചായത്തിലെ ശുചിത്വ പ്രഖ്യാപനത്തിന് മുതല്‍ക്കൂട്ടായി. സമ്പൂര്‍ണ്ണ ശുചിത്വ പഞ്ചായത്തായി സ്വയം പ്രഖ്യാപിച്ച ശേഷം അംഗീകാരത്തിനായി ജില്ലാ ഭരണാധികാരിക്ക് അപേക്ഷ നല്‍കുന്ന മുറയ്ക്ക് കളക്ടര്‍ നിയമിക്കുന്ന ഉപസമിതി പരിശോധിക്കുകയും ഈ പരിശോധനയില്‍ 100 മാര്‍ക്കില്‍ 60 മാര്‍ക്ക് നേടിയാല്‍ മാത്രമേ സമ്പൂര്‍ണ്ണ ശുചിത്വ പഞ്ചായത്ത് പദവി ലഭ്യമാകുകയുള്ളൂ. നിലവില്‍ പേരാവൂര്‍ ബ്ലോക്കില്‍ ഒരു പഞ്ചായത്തും ഇതുവരെ ശുചിത്വ പദവി നേടിയിട്ടില്ല. ഇത്തവണ സമ്പൂര്‍ണ്ണ ശുചിത്വ പദ്ധതി നേടാനായാല്‍ കണിച്ചാര്‍ പഞ്ചായത്ത് ഈ പദവി നേടുന്ന ആദ്യ പഞ്ചായത്ത് ആവും.