Uncategorized

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; യുഡിഎഫും എൻഡിഎയും സർക്കാരിനെതിരെ, വഴിക്കടവ് പഞ്ചായത്തിനെതിരെ എൽഡിഎഫ്

മലപ്പുറം: നിലമ്പൂരിലെ പറമ്പിൽ സ്ഥാപിച്ച പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ രാഷ്ട്രീയ വാക്പോര് തെരുവിലേക്ക് നീളുന്നു. വിദ്യാർത്ഥി അനന്ദുവിന്റെ മരണത്തിൻ്റെ ഉത്തരവാദിത്വം സർക്കാരിനാണെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് യുഡിഎഫ്. വഴിക്കടവിലെ കെഎസ്ഇബി ഓഫീസിലേക്ക് ഇന്ന് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തും. അതേസമയം എൽഡിഎഫ് പ്രവർത്തകർ വഴിക്കടവ് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നുണ്ട്. പഞ്ചായത്ത് അനാസ്ഥയാണ് വിദ്യാർത്ഥിയുടെ മരണത്തിന് വഴിയൊരുക്കിയത് എന്നാണ് ആരോപണം. നേരത്തെയും ഈ പ്രദേശത്ത് പന്നിക്കെണിയിൽ കുടുങ്ങി ഒരാൾക്ക് പരിക്കേറ്റെങ്കിലും പഞ്ചായത്ത് നടപടി സ്വീകരിച്ചില്ലെന്നാണ് എൽഡിഎഫ് ആരോപണം. കഴിഞ്ഞ ദിവസം എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ വഴിക്കടവ് പഞ്ചായത്തിൻ്റെ അനാസ്ഥ ചോദ്യം ചെയ്ത് രംഗത്ത് വന്നിരുന്നു. എൻഡിഎ പ്രവർത്തകർ നിലമ്പൂർ വനംവകുപ്പ് ഓഫീസിലേക്കും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ കാണുന്നുണ്ട്. നാളെ രാവിലെ 11 മണിക്കാണ് കൂടിക്കാഴ്ച നിശ്ചയിക്കുന്നത്. സംഭവം അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തേക്കും. സംഭവത്തിൽ ഗൂഢാലോചന അടക്കം ആരോപിക്കപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിൽ വിശദമായ അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ചിൻ്റെ തീരുമാനം. നേരത്തെ പ്രതി വിനീഷ് പ്രദേശത്ത് നിന്ന് ഇത്തരത്തിൽ കെണി വെച്ച് പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്തിയെന്നാണ് വിവരം. പ്രദേശത്തെ നായാട്ട് സംഘങ്ങളെക്കുറിച്ചും ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം നടത്തുമെന്നാണ് വിവരം.

നിലമ്പൂ‍ർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ച പത്താംക്ലാസ് വിദ്യാർത്ഥി അനന്തുവിന് ഇന്നലെ നാട് യാത്രാമൊഴി നൽകിയിരുന്നു. കുട്ടിക്കുന്ന് ശ്മശാനത്തിലാണ് അനന്തുവിനെ ഇന്നലെ സംസ്കരിച്ചത്. ആയിരങ്ങളാണ് അനന്തുവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തിയത്. ഉറ്റവരും അധ്യാപകരും സഹപാഠികളും നാട്ടുകാരുമടക്കമെല്ലാവരും പൊട്ടിക്കരഞ്ഞുകൊണ്ടാണ് അനന്തുവിന്റെ മൃതദേഹത്തിനരികിലെത്തിയത്. സ്കൂളിൽ പൊതുദർശനത്തിന് വെച്ചശേഷമാണ് അനന്തുവിന്റെ മൃതദേഹം വഴിക്കടവിലെ വീട്ടിലെത്തിച്ചത്. തുടർന്നായിരുന്നു സംസ്കാരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button