Uncategorized

ഓപ്പറേഷൻ സിന്ദൂർ: പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിക്കണമെന്ന കോൺഗ്രസിൻ്റെ ആവശ്യം തള്ളി എൻസിപി

മുംബൈ: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ടുള്ള കോൺഗ്രസിൻ്റെ നിലപാട് തള്ളി എൻസിപി. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിക്കണമെന്ന കോൺഗ്രസിൻ്റെ ആവശ്യത്തിൽ വിയോജിപ്പ് അറിയിച്ചതായി എൻസിപി നേതാവ് സുപ്രിയ സുലേ വ്യക്തമാക്കി. പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സമിപിച്ചിരുന്നു. എന്നാൽ ഇത് ഉചിതമായ സമയമല്ലെന്ന് കോൺഗ്രസ് നേതാക്കളെ അറിയിച്ചതായി സുപ്രിയ സുലേ പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചും ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചും ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുന്നതിനുമായി വിദേശത്ത് സന്ദർശനം നടത്തുന്ന സർവ്വകക്ഷി സംഘത്തിൻ്റെ ഭാഗമായിരുന്നപ്പോഴാണ് കോൺഗ്രസ് നേതാക്കൾ വിളിച്ചതെന്നും സുപ്രിയ സുലേ വ്യക്തമാക്കി.

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട നടപടികൾ തുടരുന്ന സാഹചര്യത്തിൽ ഒരു ചർച്ചയുടെയും ആവശ്യമില്ലെന്നായിരുന്നു എന്റെ പാർട്ടിയുടെ നിലപാട്. വിദേശകാര്യം, ദേശീയ സുരക്ഷ എന്നീ കാര്യങ്ങളിൽ അപ്പോൾ അധികാരത്തിലുള്ള സർക്കാരിനെ പിന്തുണയ്ക്കണമെന്ന് പവാർ സാഹിബ് എപ്പോഴും പറയാറുണ്ടായിരുന്നു’ എന്നാണ് സുപ്രിയ സുലേ വ്യക്തമാക്കിയത്. ഇന്ത്യയുടെ നിലപാട് വിശദീകരിക്കാൻ ഖത്തർ, എത്യോപ്യ, ഈജിപ്ത്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങൾ സന്ദർശിച്ച സർവ്വകക്ഷി പ്രതിനിധി സംഘത്തെ നയിച്ചത് സുപ്രിയ സുലേ ആയിരുന്നു. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷം മുംബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് സുപ്രിയ എൻസിപിയുടെ നിലപാട് വ്യക്തമാക്കിയത്.

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട രാജ്യത്തിന്റെ കാഴ്ചപ്പാട് വിദേശത്ത് അവതരിപ്പിക്കുമ്പോൾ തന്നെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനവും ഒരു ചർച്ചയും ആവശ്യപ്പെടുന്നത് എങ്ങനെ കാണാൻ കഴിയുമെന്നും സുപ്രിയ സുലേ ചോദിച്ചു. പാർലമെന്റിന്റെ മൺസൂൺ സമ്മേളനം ആരംഭിക്കുമ്പോൾ പഹൽഗാം ആക്രമണത്തെയും ഓപ്പറേഷൻ സിന്ദൂരിനെയും കുറിച്ച് സർക്കാരിനെ ചോദ്യം ചെയ്യുമെന്ന നിലപാട് കോൺഗ്രസിനോട് വ്യക്തമാക്കിയിട്ടുണ്ടെന്നും സുപ്രിയ സുലേ വ്യക്തമാക്കി. ഇന്ത്യയുടെ നിലപാട് വിശദീകരിക്കാനായി പോയ സർവ്വകക്ഷി പ്രതിനിധികളെല്ലാം വിദേശത്ത് നിന്ന് മടങ്ങിവരുന്നതുവരെ യോഗം വിളിക്കുന്നതിനായി കാത്തിരിക്കണമെന്ന് കോൺഗ്രസ് നേതാക്കളോട് സംസാരിച്ചിരുന്നുവെന്നും സുപ്രിയ സുലേ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button