ഇന്ന് ആകാശ വിസ്മയം! എപ്പോള്‍ കാണാം? വ്യാഴം ഭൂമിക്ക് ഏറ്റവും അടുത്തേക്ക്, വലിപ്പത്തില്‍ വെട്ടിത്തിളങ്ങും
തിരുവനന്തപുരം: സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തെ കൂടുതല്‍ തിളക്കത്തിലും ഇരട്ടി വലിപ്പത്തിലും ഇന്ന് (ഡിസംബര്‍ 7) മാനത്ത് കാണാം. വ്യാഴം ഭൂമിക്ക് ഏറ്റവും അടുത്തെത്തുന്ന ദിനമാണിന്ന്. ആകാശനിരീക്ഷകര്‍ കാത്തിരുന്ന ദിവസമെത്തി. നമ്മുടെ സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം ഇന്ന് ഏറ്റവും പ്രകാശപൂരിതമായി ഭൂമിയില്‍ നിന്ന് അനുഭവപ്പെടും. 13 മാസത്തിലൊരിക്കല്‍ സംഭവിക്കുന്ന ഓപ്പോസിഷന്‍ (Opposition) പ്രതിഭാസമാണ് ഇതിന് കാരണം. ഓപ്പോസിഷന്‍ സമയത്ത് ഭൂമി ഭ്രമണത്തിനിടെ വ്യാഴത്തിനും സൂര്യനും മധ്യേ വരും. ഇതോടെ ഭൂമിയില്‍ നിന്ന് ഏറ്റവും അടുത്ത് വ്യാഴത്തെ കാണാന്‍ സാധിക്കും. ഇരു ഗ്രഹങ്ങളും തമ്മിലുള്ള അകലം കുറയുന്നതോടെ ഭൂമിയില്‍ നിന്നുള്ള കാഴ്ചയില്‍ വ്യാഴത്തിന് കൂടുതല്‍ വലിപ്പവും തെളിമയും അനുഭവപ്പെടും. 2023 നവംബറിന് ശേഷം വ്യാഴം ഭൂമിക്ക് ഏറ്റവും അരികിലെത്തുന്ന ദിനമാണ് 2024 ഡിസംബര്‍ 7.
ഇന്ന് രാത്രിയൊട്ടാകെയും ഓപ്പോസിഷന്‍ പ്രതിഭാസം കാണാനാകും. അര്‍ധരാത്രിയോടെ വ്യാഴം ഏറ്റവും വലിപ്പത്തിലും തിളക്കത്തിലും അനുഭവപ്പെടും. ആകാശത്ത് Taurusന് (ഇടവം നക്ഷത്രരാശി) അടുത്തായിരിക്കും വ്യാഴത്തെ ദൃശ്യമാവുക. വലിപ്പക്കൂടുതലും തിളക്കവും കാരണം വ്യാഴത്തെ നഗ്നനേത്രങ്ങള്‍ കൊണ്ട് ഇന്ന് ഭൂമിയില്‍ നിന്ന് കാണാന്‍ കഴിയും. ഒരു ബൈനോക്കുലര്‍ കൂടിയുണ്ടെങ്കില്‍ വ്യാഴക്കാഴ്ചയുടെ ഭംഗി കൂടും. ഭാഗ്യമുണ്ടെങ്കില്‍ വ്യാഴത്തിന്റെ ഉപഗ്രഹങ്ങളായ യൂറോപ്പ അടക്കമുള്ളവയേയും ഭൂമിയില്‍ നിന്ന് കാണാം. വ്യാഴം ഭൂമിക്ക് ഇത്രയേറെ അരികെ 2026 വരെ വരില്ല എന്ന പ്രത്യേകതയും ഇന്നത്തെ ആകാശ പ്രതിഭാസത്തെ വ്യത്യസ്തമാക്കുന്നു.