മുഖ്യമന്ത്രിയ്ക്ക് അൻവറിൻ്റെ മറുപടി; ‘വിവിധ സമുദായങ്ങളെ യൂസ് ആൻറ്ത്രോ രീതിയിൽ ഉപയോഗിക്കുന്നതാണ് യഥാർത്ഥ വഞ്ചന’

മലപ്പുറം: നിലമ്പൂരിൽ നടക്കുന്നത് നീതിക്കായുള്ള പോരാട്ടമാണെന്ന് മുഖ്യമന്ത്രിക്ക് മറുപടി നൽകി പിവി അൻവർ. വിവിധ സമുദായങ്ങളെ യൂസ് ആൻറ് ത്രോ രീതിയിൽ ആവശ്യത്തിന് ഉപയോഗിക്കുന്നതാണ് യഥാർത്ഥ വഞ്ചനയെന്ന് അൻവർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രിക്ക് മറുപടി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മടിയിൽ കനവും മനസിൽ കള്ളവുമാണ്. നിലമ്പൂരിൽ നടക്കുന്നത് നീതിക്കായുള്ള പോരാട്ടമാണെന്നും അൻവർ പറഞ്ഞു. അൻവർ വഞ്ചിച്ചത് കൊണ്ടാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടായതെന്ന് മുഖ്യമന്ത്രി വിമർശിച്ചിരുന്നു. ഇതിനാണ് അൻവർ മറുപടി നൽകിയത്.
നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിൻറെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുമ്പോഴാണ് മുഖ്യമന്ത്രിയുടെ വിമർശനം. എം സ്വരാജിൻറെ സ്ഥാനാർത്ഥി പ്രഖ്യാപനം മണ്ഡലത്തിൽ മാത്രമല്ല, സംസ്ഥാനത്ത് തന്നെ നല്ല സ്വീകാര്യത ലഭിച്ചു. സ്വരാജിൻറെ സ്ഥാനാർത്ഥിത്വം നാട് സ്വീകരിച്ചതിൽ ആശ്ചര്യമില്ല. ക്ലീൻ ഇമേജ് നിലനിർത്തുന്നയാളാണ് സ്വരാജ്. അഭിമാനത്തോടെ, തല ഉയർത്തി വോട്ട് ചോദിക്കാൻ അദ്ദേഹത്തിന് കഴിയും. കറ കളഞ്ഞ വ്യക്തിത്വമാണ് സ്വരാജിൻറേത്. നമ്മൾ ചതിക്ക് ഇരയായിതിൻറെ ഭാഗമായാണ് തെരഞ്ഞെടുപ്പ് നേരിടേണ്ടി വന്നത്. വാഗ്ദാനം നൽകുക, പിന്നെ മറക്കുക എന്ന രീതി എൽഡിഎഫിനില്ലെന്ന് ജനങ്ങൾക്ക് അനുഭവത്തിലൂടെ ബോധ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.




