‘എന്തുകൊണ്ട് ബിജെപി നിലമ്പൂരിൽ സ്ഥാനാർത്ഥിയെ നിർത്തുന്നില്ല? എൽഡിഎഫിന് വോട്ട് മറിക്കാനാകും’; കെ മുരളീധരൻ

തിരുവനന്തപുരം: നിലമ്പൂരിൽ ബിജെപി എന്തുകൊണ്ട് സ്ഥാനാർത്ഥിയെ നിർത്തുന്നില്ല എന്നും പിന്നിൽ ചില അന്തർ നാടകങ്ങൾ ഉണ്ടാകുമെന്ന് താൻ കരുതുന്നതായും കെ മുരളീധരൻ. ബിജെപി മത്സരിക്കുന്നില്ലെങ്കിൽ അത് വോട്ടുകൾ എൽഡിഎഫിലേക്ക് മറിക്കാനാണെന്ന് താൻ കരുതുന്നുവെന്നും ഒരു രാഷ്ട്രീയ പാർട്ടി തിരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കുമ്പോൾ അതിൽ ദുരൂഹതയുണ്ടെന്നും മുരളീധരൻ പറഞ്ഞു.
കേരളം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പിൽ ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ നിസ്സംഗത ചർച്ച ചെയ്യപ്പെടണം. പൊലീസിലെ ആർഎസ്എസ് വത്ക്കരണം ഉൾപ്പടെ യുഡിഎഫ് പ്രചാരണത്തിൽ ചർച്ചയാക്കുമെന്നും മുരളിധരൻ കൂട്ടിച്ചേർത്തു. പി വി അൻവർ വിഷയത്തിൽ യുഡിഎഫ് നേതാക്കളെക്കുറിച്ചും സ്ഥാനാർത്ഥിയെയും കുറിച്ച് പറഞ്ഞതെല്ലാം പിൻവലിച്ചാൽ അൻവറിനെ അസോസിയേറ്റ് അംഗമാക്കാമെന്ന് ധാരണയുണ്ടായിരുന്നുവെന്ന് മുരളീധരൻ തുറന്നുപറഞ്ഞു. അൻവറിന് എപ്പോൾ വേണമെങ്കിലും പുനർചിന്തനം നടത്തി സ്ഥാനാർത്ഥിയെ അംഗീകരിച്ച ശേഷം കടന്നുവരാമെന്നും ആരുടെ മുൻപിലും യുഡിഎഫ് വാതിലുകൾ കൊട്ടിയടച്ചിട്ടില്ല എന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
യുഡിഎഫ് ഇത്രയും സഹകരിച്ചു. എന്നിട്ടും അൻവർ ഇങ്ങനെ വിമർശിക്കുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് അറിയില്ല. യുഡിഎഫ് എൽഡിഎഫിനോട് ഏറ്റുമുട്ടുമ്പോൾ സ്വാഭാവികമായും അൻവർ യുഡിഎഫിനെ അല്ലെ പിന്തുണയ്‌ക്കേണ്ടത് എന്നും മുരളീധരൻ ചോദിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ യുഡിഎഫിന്റെ ചെയർമാനാണ്. അദ്ദേഹം ഒറ്റക്കല്ല അൻവറിന്റെ കാര്യത്തിൽ തീരുമാനമെടുത്തത്. തുടർന്ന് ആര് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞങ്ങൾക്ക് നിലമ്പൂരിൽ ജയിച്ചേ പറ്റു എന്നും മുരളീധരൻ കൂട്ടിച്ചേർത്തു.




