മൂലമറ്റം പവര്‍ഹൗസിലെ ജനറേറ്ററില്‍ പൊട്ടിത്തെറി. നാലാം നമ്ബര്‍ ജനറേറ്ററിലെ ഓക്സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറി ഉണ്ടായത്. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെയായിരുന്നു പൊട്ടിത്തെറി. ഇതേ തുടര്‍ന്ന് മൂലമറ്റത്തെ നിര്‍ത്തിവച്ചിരിക്കുകയാണ്. പരിമിത തോതില്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പൊട്ടിത്തെറിയില്‍ ആളപായമില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കെഎസ്‌ഇബി വ്യക്തമാക്കി. തകരാര്‍ പരിഹരിച്ചു ഉല്പാദനം പുനസ്ഥാപിക്കുവാനുള്ള ശ്രമം നടന്നു വരുന്നു. നാലാം നമ്ബര്‍ ജനറേറ്ററിന്റ ഭാഗമായ ഐസൊലേറ്ററിലാണ് പൊട്ടിത്തെറി ഉണ്ടായത് എന്നാണ് പ്രാഥമിക വിവരം. ജനറേറ്ററുകള്‍ മുഴുവന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് സംഭവം. ഒരെണ്ണത്തില്‍ പൊട്ടിത്തെറി ഉണ്ടായതോടെ ശേഷിച്ച അഞ്ച് മെഷീനുകള്‍ അടിയന്തിരമായി നിര്‍ത്തിവെച്ചു.
വെള്ളിയാഴ്ച രാത്രി ഏഴിനാണ് ഓക്സിലറി സിസ്റ്റത്തില്‍ തകരാറുണ്ടായത്. ജനറേറ്ററിന് തൊട്ടുചേര്‍ന്ന് ഉദ്യോഗസ്ഥരുണ്ടായിരുന്നില്ലാത്തതിനാല് അപകടം ഒഴിവായി. പീക്ക് അവറില്‍ തകരാറുണ്ടായതിനാല്‍ വൈദ്യുതി ലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. 130 മെഗാവാട്ടിന്റ ആറ് മെഷീനുകളാണ് മൂലമറ്റം നിലയത്തിലുള്ളത്. പീക്ക് അവറിലായതിനാല്‍ ഇവയെല്ലാം പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. 780 മെഗാവാട്ടാണ് പൂര്‍ണ ഉല്‍പാദന ശേഷി. തകരാര്‍ നീക്കി വൈദ്യുതി ഉല്‍പാദനം പുന:രാരംഭിക്കുന്നതിന് ശ്രമം നടന്നുവരികയാണെന്ന് വൈദ്യുതി വകുപ്പ് അധികൃതര്‍ പറഞ്ഞു.
തകരാര്‍ പരിഹരിച്ച് ഉല്പാദനം എത്രയും വേഗം പുനരാരംഭിക്കുവാനുള്ള ശ്രമം നടന്നു വരുന്നതായും കെ.എസ്.ഇ.ബി അറിയിച്ചു. സംസ്ഥാനത്തിന് പുറത്ത് നിന്ന് വൈദ്യുതി കൂടുതല്‍ വാങ്ങാനാണ് കെ.എസ്.ഇ.ബിയുടെ ശ്രമം.