വെന്നിക്കൊടി പാറിച്ച് സഹോദരിമാര്‍; ലോക റോബോട്ട് ഒളിംപ്യാഡില്‍ ചരിത്രം സൃഷ്ടിച്ച് കേരള സ്റ്റാര്‍ട്ടപ്
തിരുവനന്തപുരം: തുര്‍ക്കിയില്‍ നടന്ന ലോക റോബോട്ട് ഒളിംപ്യാഡില്‍ (ഡബ്ല്യുആര്‍ഒ-2024) ചരിത്രം സൃഷ്ടിച്ച് കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പായ യുണീക്ക് വേള്‍ഡ് റോബോട്ടിക്സ് (യുഡബ്ല്യുആര്‍). ഫ്യൂച്ചര്‍ ഇന്നൊവേറ്റേഴ്‌സ് എലിമെന്‍ററി വിഭാഗത്തില്‍ യുഡബ്ല്യുആറിന്‍റെ ടീമായ റെസ്‌ക്യൂ ടെക് അലൈസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. 85 രാജ്യങ്ങളില്‍ നിന്നുള്ള 450-ലധികം ടീമുകളുമായി മത്സരിച്ചാണ് ഈ ചരിത്ര നേട്ടം. റോബോട്ട് ഒളിംപ്യാഡിന്‍റെ രണ്ട് പതിറ്റാണ്ട് നീണ്ട ചരിത്രത്തില്‍ ആദ്യമായാണ് കേരളത്തില്‍ നിന്ന് ഒരു ടീം രാജ്യാന്തര മത്സര വിഭാഗത്തില്‍ എത്തുന്നതും വിജയിക്കുന്നതും.
മാളയിലെ ഹോളി ഗ്രേസ് അക്കാദമിയില്‍ നിന്നുള്ള കാത്‌ലിന്‍ മേരി ജീസന്‍ (12), ക്ലെയര്‍ റോസ് ജീസന്‍ (9) സഖ്യമാണ് ആഗോള വേദിയില്‍ യുഡബ്ല്യുആറിനെ പ്രതിനിധീകരിച്ചത്. ഇരുവരും സഹോദരിമാര്‍ കൂടിയാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ വര്‍ഷം മത്സര വേദിയിലെത്തിയ ഏക ടീമും യുഡബ്ല്യുആറിന്‍റേത് ആയിരുന്നു. അതുകൊണ്ടുതന്നെ ഇവരുടെ നേട്ടം കേരളത്തിനും രാജ്യത്തിനും ഒരുപോലെ അഭിമാനം പകരുന്നതായി.