ഒറിജിനലിനെ വെല്ലും, വില പത്തിലൊന്ന്; ലാബില്‍ വിരിയിക്കുന്ന വജ്രവുമായി മലയാളി സ്റ്റാര്‍ട്ടപ് ‘എലിക്‌സര്‍’
തിരുവനന്തപുരം: മലയാളികള്‍ക്ക് അഭിമാനിക്കാം, ഭൂമിക്കടിയില്‍ നിന്ന് ഖനനം ചെയ്തെടുക്കുന്ന പ്രകൃതിദത്ത വജ്രത്തെ കെട്ടിലും മട്ടിലും ഗുണനിലവാരത്തിലും വെല്ലുന്ന ഡയമണ്ട് ലാബില്‍ വികസിപ്പിച്ചിരിക്കുകയാണ് മലയാളി സ്റ്റാര്‍ട്ടപ്പ് ‘എലിക്‌സര്‍’. പ്രകൃതിദത്ത വജ്രത്തിന്‍റെ പത്തിലൊന്ന് വിലയേ ‘ലാബ് ഗ്രോണ്‍ ഡയമണ്ട്’ (ഗ്രീന്‍ ഡയമണ്ട്, കള്‍ച്ചര്‍ഡ് ഡയമണ്ട്) എന്നറിയപ്പെടുന്ന കൃത്രിമ വജ്രത്തിനുള്ളൂ എന്നതും പ്രത്യേകതയാണ്. ആഭരണ വ്യവസായത്തില്‍ വിപ്ലവകരമായ മാറ്റം ലാബ് ഗ്രോണ്‍ ഡയമണ്ട് കൊണ്ടുവരും എന്നാണ് എലിക്‌സര്‍ സ്റ്റാര്‍ട്ടപ്പിന്‍റെ പ്രതീക്ഷ. ലാബ് ഗ്രോണ്‍ വജ്രാഭരണങ്ങളുടെ വില്‍പന എലിക്‌സര്‍ കേരളത്തില്‍ ഉടന്‍ തുടങ്ങും.
യഥാര്‍ഥ വജ്രത്തിന്‍റെ പരിശുദ്ധിയും ഗുണമേന്മയും നിലനിര്‍ത്തുന്നു എന്ന അവകാശവാദത്തോടെയാണ് എലിക്‌സര്‍ അവരുടെ ലാബില്‍ വജ്രാഭരണങ്ങള്‍ വികസിപ്പിക്കുന്നത്. പ്രകൃതിദത്ത വജ്രത്തിന്‍റെ പത്തിലൊന്ന് വിലയില്‍ ലാബ് ഗ്രോണ്‍ ഡയമണ്ടുകള്‍ വാങ്ങാം. അഞ്ച് ലക്ഷം രൂപയാണ് ഒരു കാരറ്റ് പ്രകൃതിദത്ത വജ്രത്തിന്‍റെ വിലയെങ്കില്‍ എലിക്‌സര്‍ സ്റ്റാര്‍ട്ടപ്പിന്‍റെ ലാബ് ഗ്രോണ്‍ ഡയമണ്ടിന് 50,000 രൂപ മതിയാകും.
പ്രകൃതിയില്‍ വജ്രം രൂപംകൊള്ളുന്നതിന്‍റെ ഓരോ ഘട്ടവും ലബോറട്ടറിയിലേക്ക് പകര്‍ത്തിയാണ് എലിക്‌സര്‍ വജ്രം കൃത്രിമമായി നിര്‍മിക്കുന്നത്. ഖനനം ചെയ്ത വജ്രങ്ങളുടെ അതേ ക്രിസ്റ്റല്‍ ഘടനയും രാസഘടനയുമാണ് ഇതിനുളളത്. വജ്രത്തിന്‍റെ വലുപ്പം, ആകൃതി, ഗുണങ്ങള്‍ എന്നിവ ഇഷ്ടാനുസരണം ക്രമീകരിക്കാം. കാര്‍ബണ്‍ വജ്രമാകുന്നതിനുള്ള ഉയര്‍ന്ന ചൂടും മര്‍ദ്ദവും ലാബില്‍ ഒരുക്കും. ലാബില്‍ 1500-1800 ഡിഗ്രി ചൂട് കാര്‍ബണിന് നല്‍കും. 5 മുതല്‍ എട്ട് ആഴ്ച വരെ ഉയര്‍ന്ന മര്‍ദ്ദത്തിലൂടെ കടത്തിവിടും. അങ്ങനെ നീളുന്നു ലാബ് ഗ്രോണ്‍ ഡയമണ്ടിന്‍റെ നിര്‍മാണഘട്ടങ്ങള്‍. ശുദ്ധ വജ്രത്തിന്‍റെ പവിത്രത ലാബ് ഗ്രോണ്‍ ഡയമണ്ടിന് എലിക്‌സര്‍ ജ്വല്‍സ് സ്റ്റാര്‍ട്ടപ്പ് അധികൃതര്‍ അവകാശപ്പെടുന്നു.
പ്രകൃതിദത്ത വജ്ര നിര്‍മാണത്തേക്കാള്‍ കുറച്ച് സമയവും വിഭവങ്ങളും മനുഷ്യവിഭവശേഷിയും മതി ലാബ് ഗ്രോണ്‍ ഡയമണ്ട് ഒരുക്കുന്നതിന്. ഖനന വേളയിലെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഇല്ലെന്നതും ആഭരണ നിര്‍മാണത്തില്‍ പരിസ്ഥിതിസൗഹൃദ മാതൃക നിലനിര്‍ത്തുന്നുന്നുവെന്നതും ലാബ് ഗ്രോണ്‍ ഡയമണ്ടിന്‍റെ പ്രത്യേകതയാണ്.