വെറും 23 വയസ്സ്, ഹൈപ്രൊഫൈൽ കൊലക്കേസുകളിലെ പ്രതി, ഒടുവിൽ കാമുകനെ കൊന്ന കേസിൽ വലയിലായി ‘ദ ഡോൾ’
ബൊഗോറ്റ: കൊളംബിയയെ വിറപ്പിച്ച 23കാരി ഹിറ്റ് വുമൺ ‘ദ ഡോൾ’ എന്നറിയപ്പെടുന്ന കാരെൻ ജൂലിയത്ത് ഒജെദ റോഡ്രിഗസ് പൊലീസ് പിടിയിൽ. തൻ്റെ മുൻ കാമുകനെ കൊലപ്പെടുത്തിയതുൾപ്പെടെ നിരവധി കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇവരെ ഏറെക്കാലമായി പൊലീസ് തിരയുകയായിരുന്നു. ‘ലാ മുനേസ’ എന്ന അപരനാമത്തിലാണ് കാരെൻ ജൂലിയത്ത് ഒജെദ റോഡ്രിഗസ് അറിയപ്പെടുന്നത്. ബാരൻകാബെർമെജ മുനിസിപ്പാലിറ്റിയിൽ നടന്ന നിരവധി കൊലപാതകങ്ങളിൽ ഇവർക്ക് പങ്കുണ്ടെന്ന് പൊലീസ് പറയുന്നതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ലോസ് ഡി ലാ എം സംഘത്തിൻ്റെ നിർദ്ദേശപ്രകാരമാണ് ഈ കൊലപാതകങ്ങൾ നടന്നതെന്ന് സ്പാനിഷ് മാധ്യമം ലിബർട്ടാഡ് ഡിജിറ്റൽ റിപ്പോർട്ട് ചെയ്യുന്നു. പ്രദേശത്തെ ഭീതിയിലാഴ്ത്തിയ ഗുണ്ടാ സംഘത്തിന്റെ നേതാവായിരുന്നു 23കാരി. ജൂലൈ 23 ന് കൊളംബിയയിലെ പീഡെക്യൂസ്റ്റ എന്ന ഗ്രാമപ്രദേശത്ത് മുൻ കാമുകൻ കൊല്ലപ്പെട്ടതിനെ തുടർന്നുള്ള അന്വേഷണത്തിന് പിന്നാലെയാണ് അറസ്റ്റ്. ലിയോപോൾഡോ കൂട്ടാളിയെയും അറസ്റ്റ് ചെയ്തു.
പിടിയിലാകുമ്പോൾ ഒരു റിവോൾവറും 9 മില്ലിമീറ്റർ കാലിബർ പിസ്റ്റളും പിടിച്ചെടുത്തതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അടുത്തിടെ നടന്ന കൊലപാതകങ്ങളിൽ ഈ ആയുധങ്ങൾ ഉപയോഗിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. 13 ലക്ഷത്തിലധികം ജനസംഖ്യയുള്ള കൊളംബിയയിലെ ബുക്കാമംഗയിൽ ഓരോ മൂന്ന് ദിവസത്തിലും ഒരു കൊലപാതകം റിപ്പോർട്ട് ചെയ്യപ്പെടുന്നുവെന്നാണ് റിപ്പോർട്ട്.