Uncategorized

സംസ്ഥാനത്ത് ആദ്യം; പേരാവൂർ ബ്ലോക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സമ്പൂർണ ഹരിതം

പേരാവൂർ: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക് പരിധിയിലെ മുഴുവൻ വിദ്യാലയങ്ങളും കലാലയങ്ങളും ഹരിത-ശുചിത്വ സ്ഥാപനങ്ങളായി പ്രഖ്യാപിച്ചു.

ഏഴ് ഗ്രാമ പഞ്ചായത്തിലായി സ്ഥിതി ചെയ്യുന്ന 76 വിദ്യാലയങ്ങളും 5 കോളേജുകളുമാണ് ശുചിത്വ പരിപാലന രംഗത്ത് മികച്ച സജീകരണങ്ങൾ ഒരുക്കി സർക്കാർ നിശ്ചയിച്ച ഗ്രേഡിലേക്ക് ഉയർന്നത്. ജൈവ-ദ്രവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കുകയും അജൈവ മാലിന്യങ്ങൾ തരം തിരിച്ചു ഹരിതകർമ സേനക്ക് കൈമാറുകയും ചെയ്യുന്നത് നടപ്പിലാക്കുന്ന സ്ഥാപനങ്ങൾക്കാണ് പരിശോധിച്ച് ഗ്രേഡ് നൽകുക. ഇത് കൂടാതെ കൃഷി, പച്ചത്തുരുത്തുകൾ, പൂന്തോട്ടങ്ങൾ എന്നിവയൊരുക്കിയ സ്കൂളുകളെ സ്റ്റാർ പദവി നൽകി മാതൃക വിദ്യാലയങ്ങളായി പ്രഖ്യാപിക്കും. ഇത്തരത്തിൽ തിരഞ്ഞെടുത്ത 14 സ്കൂളുകൾക്കും അഞ്ച് കലാലയങ്ങൾക്കും ഉപഹാരവും നൽകി. സമ്പൂർണ ഹരിത-ശുചിത്വ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രഖ്യാപിക്കുന്ന സംസ്ഥാനത്തെ ആദ്യ ബ്ലോക്ക് പഞ്ചായത്താണ് പേരാവൂർ.

റോബിൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്നകുമാരി സമ്പൂർണ ഹരിതവിദ്യാലയം കലാലയം പ്രഖ്യാപനവും മാതൃക വിദ്യാലയങ്ങൾക്കുള്ള ഉപഹാര വിതരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ അധ്യക്ഷനായി. ഹരിത കലാലയങ്ങൾക്കുള്ള ഉപഹാര വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ്‌ കുര്യനും, സർട്ടിഫിക്കറ്റ് വിതരണം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സി കെ സത്യനും നിർവഹിച്ചു. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ കെ സോമശേഖരൻ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി പി വേണുഗോപാലൻ, ടി ബിന്ദു, വി ഹൈമാവതി, ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ, ജില്ലാ പഞ്ചായത്ത് അംഗം വി ഗീത, ബ്ലോക്ക്‌ സ്ഥിര സമിതി അധ്യക്ഷൻ എ ടി കെ കുഞ്ഞമ്മദ്, ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ കെ എം സുനിൽകുമാർ, ബിപിസി ടി എം തുളസിധരൻ, ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ തുടങ്ങിയവർ സംസാരിച്ചു. ജോയിന്റ് ബി ഡി ഒ ബിജു ജോസഫ് സ്വാഗതവും ശുചിത്വ ഓഫീസർ ഷിജില നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button