‘ഉണ്ണിയേട്ടാ മലയാള മണ്ണിലേക്ക് സ്വാഗതം..’; കിലി പോളിനെ കാണാൻ ആവേശത്തോടെ മലയാളികൾ

കഴിഞ്ഞ നാല് വർഷത്തിലേറെയായി മലയാളികളടക്കമുള്ളവർ നെഞ്ചേറ്റിയ ഒരു ടാന്‍സാനിയൻ താരമുണ്ട്. മറ്റാരുമല്ല റിലീസുകളുടെ രാജകുമാരൻ കിലി പോള്‍ ആണത്. മലയാളികൾക്ക് കിലി പോള്‍ ഇപ്പോൾ ഉണ്ണിയേട്ടനാണ്. ആദ്യമെല്ലാം ഹിന്ദി ഗാനങ്ങൾക്ക് ലിപ് സിങ്ക് ചെയ്തും ഡാൻസ് ചെയ്തുമെല്ലാമാണ് ശ്രദ്ധനേടിയതെങ്കിൽ ഇന്ത്യയിലെ ഭൂരിഭാഗം ഭാഷകളിലും ആണ് കിലിയുടെ ഇപ്പോഴത്തെ പോസ്റ്റുകൾ. ബ്ലോക് ബസ്റ്റർ ഹിറ്റായി മാറിയ തുടരുമിലെ ഗാനങ്ങളുമായാണ് അടുത്തിടെ കിലി എത്തിയതും. ഈ വീഡിയോയ്ക്ക് തഴെ തരുൺ മൂർത്തി കമന്റിടുകയും ചെയ്തിരുന്നു. ഇന്ത്യയെ ഏറെ സ്നേഹിക്കുന്ന കിലി ഇപ്പോൾ കേരളത്തിൽ എത്താൻ പോവുകയാണ്.
ഇന്ന് കിലി കേരളത്തിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്. കേരളക്കരയിൽ താൻ എത്തുന്നുവെന്ന് അറിയിച്ച് ഫ്ലൈറ്റിൽ ഇരിക്കുന്ന ഫോട്ടോയും കിലി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ഉണ്ണിയേട്ടനെ സ്വാഗതം ചെയ്തു കൊണ്ട് കമന്റുകൾ രേഖപ്പെടുത്തുന്നത്. ‘മലയാള മണ്ണിലേക്ക് ഉണ്ണിയേട്ടന് സ്വാഗതം’, എന്നാണ് പലരും കമന്റ് ബോക്സ് കുറിക്കുന്നത്. അതേസമയം, കിലി മലയാള സിനിമയിൽ അഭിനയിക്കാനാണ് വരുന്നതെന്ന തരത്തിലും അഭ്യൂഹങ്ങൾ നടക്കുന്നുണ്ട്. ഭാഷ അറിയാതെ ഇവര്‍ എങ്ങനെയാണ് ഇത്രയും നന്നായി റീലുകള്‍ ചെയ്യുന്നത് എന്ന് മുന്‍പ് പലപ്പോഴും ഉയര്‍ന്ന ചോദ്യമാണ്. ഇതിന് കിലി തന്നെ മറുപടിയും പറഞ്ഞിട്ടുണ്ട്. ‘ഒരു പാട്ട് മുഴുവന്‍ പഠിക്കാന്‍ ഏകദേശം രണ്ടോ മൂന്നോ ദിവസമെടുക്കും. ആദ്യം യൂട്യൂബില്‍ പോയി വരികള്‍ പഠിക്കും. ശേഷം ആ വാക്കുകള്‍ എങ്ങനെ ഉച്ചരിക്കുമെന്ന് ഗൂഗിള്‍ ചെയ്ത് നോക്കും. പിന്നീട് അവര്‍ അതിന്റെ ഇംഗ്ലീഷ് അര്‍ത്ഥം കണ്ടെത്തും. അങ്ങനെയാണ് പാട്ടുകള്‍ക്ക് ഒപ്പിച്ച് ചുണ്ടനക്കുന്നത്’, എന്നായിരുന്നു കിലിയുടെ വാക്കുകള്‍.




