സയ്യിദ് മുഷ്താഖ് അലി ടി20യില്‍ ഇന്ന് മുംബൈ, ആന്ധ്രക്കെതിരെ; നെഞ്ചിടിപ്പ് കേരളത്തിന്
ഹൈദരാബാദ്: മുഷ്താഖ് അലി ട്രോഫിയില്‍ ഇന്ന് മുംബൈ – ആന്ധ്രാ പ്രദേശ് മത്സരം നടക്കാനിരിക്കെ നെഞ്ചിടിപ്പ് കേരളത്തിന്. ഇന്ന് വൈകിട്ട് 4.30 ഹൈദരാബാദ്, രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മത്സരത്തില്‍ ആന്ധ്രയോട് വന്‍ തോല്‍വി വഴങ്ങിയതോടെ കേരളം ഗ്രൂപ്പ് സിയില്‍ മൂന്നാം സ്ഥാനത്തേക്ക് വീണിരുന്നു. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് ക്വാര്‍ട്ടറിലേക്ക് കടക്കുക. 20 പോയന്റും +3.006 നെറ്റ് റണ്‍റേറ്റുമായി ആന്ധ്ര ക്വാര്‍ട്ടര്‍ ഉറപ്പിച്ചപ്പോള്‍ കേരളത്തിനും മുംബൈക്കും 16 പോയന്റ് വീതമാണുള്ളത്.
മുംബൈ-ആന്ധ്ര മത്സരമായിരിക്കും ഗ്രൂപ്പ് ഇയില്‍ നിന്ന് ക്വാര്‍ട്ടറിലെത്തുന്ന രണ്ടാമത്തെ ടീം ഏതെന്ന് തീരുമാനിക്കുക. നെറ്റ് റണ്‍റേറ്റില്‍ കേരളത്തെക്കാള്‍ (+1.018) നേരിയ മുന്‍തൂക്കം മുംബൈക്കുണ്ട് (+1.330). ഇന്ന് ആന്ധ്രയോട് കനത്ത തോല്‍വി വഴങ്ങാതിരുന്നാല്‍ പോലും മുംബൈക്ക് ക്വാര്‍ട്ടറിലെത്താം. ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് കൂടി തിരിച്ചെത്തിയതോടെ കൂടുതല്‍ കരുത്തരായ മുംബൈ, ആന്ധ്രക്കെതിരെ വലിയ തോല്‍വി വഴങ്ങാനുള്ള സാധ്യത വിരളമാണ്. ആന്ധ്രക്കെതിരെ കനത്ത തോല്‍വി വഴങ്ങിയതാണ് കേരളത്തിന് തിരിച്ചടിയായത്. അവസാന മത്സരത്തില്‍ സര്‍വീസസിനെതിരെ വിജയം നേടിയതോടെയാണ് മുംബൈ രണ്ടാമത് എത്തിയത്.
ആദ്യ മത്സരത്തില്‍ സര്‍വീസസിനെ തോല്‍പ്പിച്ചു തുടങ്ങിയ കേരളം മഹാരാഷ്ട്രയോട് തോറ്റിരുന്നു. പിന്നീട് നാഗാലാന്‍ഡിനും ഗോവക്കുമെതിരെ ജയിച്ച് ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കിയെങ്കിലും ആന്ധ്രക്കെതിരെ തോറ്റത് തിരിച്ചടിയായി. കേരളത്തിനായി ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റന്‍ സഞ്ജു സാംസണും മുഷ്താഖ് അലിയില്‍ വലിയ പ്രകടനങ്ങളൊന്നും പുറത്തെടുക്കാനായില്ല.
ആദ്യ മത്സരത്തില്‍ വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടിയ സഞ്ജു ടൂര്‍ണമെന്റില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ നിന്ന് ആകെ നേടിയത് 136 റണ്‍സ് മാത്രമാണ്. മുംബൈക്കെതിരെ തകര്‍ത്തടിച്ച സല്‍മാന്‍ നിസാറിനും പിന്നീടുള്ള മത്സരങ്ങളില്‍ പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. സച്ചിന്‍ ബേബിയുടെ പരിക്കും കേരളത്തിന് തിരിച്ചടിയായി.