Uncategorized

ഇനി പുതിയ പുതിയ ലോകം; അ​ഗ്നിയെയും വായുവിനെയും കുനോയിലെ സംരക്ഷിത വനത്തിലേക്ക് തുറന്നു വിട്ടു

അന്താരാഷ്ട്ര ചീറ്റ ദിനത്തിൽ ആൺ ചീറ്റപ്പുലികളാകളായ അഗ്നിയെയും വായുവിനെയും കുനോ നാഷണൽ പാർക്കിലെ (കെഎൻപി) സംരക്ഷിത വനത്തിലേക്ക് തുറന്നു വിട്ടു. മുതിർന്ന വന്യജീവി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ എല്ലാ തരത്തിലുമുള്ള സുരക്ഷാ നടപടികളും ഉറപ്പാക്കിക്കൊണ്ടാണ് പുതിയ പരിതസ്ഥിതിയിലേക്ക് അവരെ മാറ്റിയത്. അഗ്നിയെയും വായുവിനെയും കാട്ടിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങൾ ദിവസങ്ങൾക്കുമുമ്പ് തന്നെ ആരംഭിച്ചിരുന്നുവെന്ന് കുനോയിലെ അധികൃതർ പറഞ്ഞു.

ചീറ്റ സ്റ്റിയറിങ് കമ്മിറ്റി ചെയർമാനായ രാജേഷ് ഗോപാലിൻ്റെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച കുനോ സന്ദർശിച്ച് ചീറ്റപ്പുലികളെ കാട്ടിലേക്ക് തുറന്നു വിടുന്നതിനുള്ള അന്തിമ ഒരുക്കങ്ങൾ അവലോകനം ചെയ്തിരുന്നു. കുറേക്കൂടി വിശാലമായ പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ യോ​ഗ്യരാണ് ഇവർ എന്നതിനാലാണ് അഗ്നിയെയും വായുവിനെയും തിരഞ്ഞെടുത്തത്.

അതേ സമയം ‘പ്രൊജക്ട് ചീറ്റ’ വിജയകരമായി പുരോ​ഗമിക്കുന്നതിൽ കുനോയിലെ ഉദ്യോഗസ്ഥർക്ക് കേന്ദ്ര വനം മന്ത്രി ഭൂപേന്ദർ യാദവും, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും അഭിനന്ദനങ്ങൾ അറിയിച്ചു.

രാജ്യത്തെ ചീറ്റപ്പുലികൾക്ക് വംശനാശം സംഭവിച്ച് 70 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയുടെ അഭിമാന പദ്ധതിയായ ‘പ്രൊജക്ട് ചീറ്റ’ അവതരിപ്പിച്ചത്. നമീബിയയിൽ നിന്ന് എട്ട് ചീറ്റപ്പുലികളടങ്ങുന്ന ആദ്യ ബാച്ചിനെ 2022 സെപ്റ്റംബർ 17 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുനോ ദേശീയ പാർക്കിൽ വിട്ടയക്കുകയായിരുന്നു. 2023 ഫെബ്രുവരി 18-ന് ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകളുടെ രണ്ടാമത്തെ ബാച്ചും ഇന്ത്യയിലേക്കെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button