ഫോർഡ് ഇല്ലെങ്കിലും ഇവർ ഒന്നും മറന്നിട്ടില്ല! സംഗമത്തിൽ റെക്കോർഡ് നേടി തലസ്ഥാനത്തെ എക്കോസ്‍പോർട് ക്ലബ്ബ്
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ കാറുകളുടെ സംഗമം തീർത്ത് തലസ്ഥാനത്തെ ഫോർഡ് എക്കോസ്‍പോർട്ട് ഉടമകളുടെ കൂട്ടായ്‍മയായ എക്കോസ് ട്രിവാൻഡ്രം. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 393 എക്കോസ്‍പോർട്ടുകളാണ് കഴിഞ്ഞ ദിവസം കഴക്കൂട്ടത്തെ അൽ സാജ് കൺവെൻഷൻ സെന്ററിൽ ഒത്തുകൂടിയത്. ഒരു പ്രത്യേക സെഗ്മന്റിലെ ഏറ്റവുമധികം വാഹനങ്ങൾ ഒത്തുചേർന്ന സംഗമമെന്ന നിലയിൽ ഈ വാഹന പ്രേമികൾ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി.
2019ലാണ് തലസ്ഥാനത്തെ ഫോർഡ് എക്കോസ്‍പോർട്ട് പ്രേമികൾ ചേർന്ന് എക്കോസ്‍പോർട്ട് ഓണേഴ്സ് ക്ലബ് ട്രിവാൻഡ്രം എന്ന എക്കോസ് ട്രിവാൻഡ്രം ക്ലബ്ബിന് രൂപം നൽകുന്നത്. തുടർന്നിങ്ങോട്ട് വാഹന പ്രേമികളെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള നിരവധി യാത്രകളും സംഗമങ്ങളുമാണ് ക്ലബ്ബിന്റെ സ്ഥിരം പരിപാടികൾ. ഇതിനോടകം തേക്കടിയും ഗോവയും മുതൽ ലേ ലഡാക്കിലേക്ക് വരെ ഈ ക്ലബ്ബ് അംഗങ്ങൾ എക്കോസ്‍പോർട്ടുകളുമായി ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട്. ഫോർഡ് അംഗീകൃത സർവീസ് സെന്ററുകൾ ഉൾപ്പെടെ വാഹനങ്ങളുടെ പരിപാലനവുമായി ബന്ധപ്പെട്ടതും അല്ലാതെയുമുള്ള നിരവധി സ്ഥാപനങ്ങളുടെ പിന്തുണയും ഈ ക്ലബ്ബ് അംഗങ്ങൾക്ക് നിരന്തരം ഉറപ്പാക്കുന്നു. തലസ്ഥാനത്തെ ഏറ്റവും വലിയ ക്രിക്കറ്റ് ടർഫായ ‘ദ ഓവൽ’ എക്കോസ് ട്രിവാൻഡ്രത്തിന്റെ സ്വന്തം സംരംഭമാണ്.
നിലവിൽ തിരുവനന്തപുരത്ത് നിന്നു മാത്രമുള്ള എണ്ണൂറിലധികം വാഹന ഉടമകൾ അംഗങ്ങളായിട്ടുള്ള എക്കോസ് ട്രിവാൻഡ്രം ക്ലബ്ബിന്റെ അഞ്ചാം വാർഷികമാണ് ഇക്കുറി രാജ്യത്തെ തന്നെ ഏറ്റവും വലിയ കാർ സംഗമമായി മാറിയത്. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് പ്രതിനിധി നേരിട്ടെത്തി വിലയിരുത്തിയാണ് പുരസ്‍കാരം സമ്മാനിച്ചത്. ക്ലബ്ബ് അംഗങ്ങളും കുടുംബാംഗങ്ങളുമുൾപ്പെടെ ആയിരത്തോളം പേരാണ് പരിപാടിയിൽ പങ്കെടുത്തത്. വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. ക്ലബ്ബ് അംഗങ്ങൾ കൂടിയായ ആർ ജെ മാഹീൻ മച്ചാൻ, നടൻ റിയാസ് നർമ്മകല തുടങ്ങിയവർ സംസാരിച്ചു. ക്ലബ്ബ് പ്രസിഡന്റ് നൗഫൽ ജെ എസ്, സെക്രട്ടറി ഷബീർ എസ്, വൈസ് പ്രസിഡന്‍റ് രാജഗോപാൽ ജി, ഭാരവാഹികളായ ഡോ. രഞ്ജു എസ് നായർ, ഫസൽ എച്ച്, അരവിന്ദ് സുനിൽ, വിജിത്ത് വാസവൻ, അരുൺ ബി, ടിന്റോ രാമഭദ്രൻ, ഡെന്നിസ് ഷാജി, ഹരൻ വി.ജി, അരവിന്ദ് ആർ, പ്രതീഷ് ടി.എസ്, വിനു ജെ, മിഥുൻ എച്ച് തുടങ്ങിയവർ നേതൃത്വം നൽകി.