തേങ്ങയിടാൻ ആളെ കിട്ടുന്നില്ലെങ്കിൽ ഇനി കോൾ സെന്ററിൽ വിളിക്കാം, പഞ്ചായത്ത് അടിസ്ഥാനത്തിൽ ‘ചങ്ങാതിമാരെത്തും’
കൊച്ചി: നാളികേര വികസന ബോർഡിന്റെ ഹലോ നാരിയൽ കോൾ സെന്റർ പ്രവർത്തനം തുടങ്ങി. നാളികേരത്തിന്റെ വിളവെടുപ്പിനും, പരിചരണത്തിനും കേര കർഷകർക്ക് കോൾ സെന്ററിലേക്ക് വിളിക്കാം. ‘തെങ്ങിന്റെ ചങ്ങാതിമാർ’ എന്ന് അറിയപ്പെടുന്ന തൊഴിലാളികളുടെ സേവനം കോൾ സെന്റർ വഴി ലഭ്യമാവും. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് കോൾ സെന്റർ പ്രവർത്തനം.
9447175999 നമ്പറിലേയ്ക്ക് വിളിക്കുകയോ, വാട്‌സ്ആപ്പ് സന്ദേശം അയക്കുകയോ ചെയ്യാം. ഇതുവരെ 985 ‘ചങ്ങാതിമാരാണ്’ ഹലോ നാരിയൽ കോൾ സെന്ററിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. അതാത് ജില്ലകളിൽ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലത്തിലാണ് ചങ്ങാതിമാരുടെ സേവനം ലഭ്യമാക്കുന്നത്.
തെങ്ങിൽ നിന്നുള്ള വിളവെടുപ്പ്. തെങ്ങിന്റെ മണ്ട വൃത്തിയാക്കൽ, മരുന്നു തളിയ്ക്കൽ, രോഗകീട നിയന്ത്രണം, കൃത്രിമ പരാഗണം തുടങ്ങിയ സേവനങ്ങൾ ഈ പദ്ധതിയിലൂടെ കേര കർഷകർക്ക് പ്രയോജനപ്പെടുത്താം. കർമ്മനിരതരായി സേവനം ചെയ്യാൻ തയ്യാറായിട്ടുള്ള തെങ്ങ് കയറ്റക്കാർക്കും, തെങ്ങിന്റെ ചങ്ങാതിമാർക്കും കോൾ സെന്ററിൽ പേര് രജിസ്റ്റർ ചെയ്യുകയും ചെയ്യാമെന്നും നാളികേര വികസന ബോർഡ് അറിയിച്ചു.