ആലപ്പുഴ അപകടം; കാർ ഓടിച്ച വിദ്യാർത്ഥിയെ പ്രതി ചേർക്കണമെന്ന് പൊലീസ് റിപ്പോർട്ട്
ആലപ്പുഴ: ആലപ്പുഴ കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ വാഹനം ഓടിച്ച വിദ്യാർത്ഥിയെ പ്രതി ചേർക്കണമെന്ന് പൊലീസ് റിപ്പോർട്ട്. കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് കാര്‍ ഓടിച്ച ഗൗരിശങ്കറെ പ്രതി ചേർക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആദ്യം കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കിയാണ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തതെന്നും റിപ്പോർട്ടിലുണ്ട്. കോടതി നിർദേശ പ്രകാരം ടവേര കാർ ഓടിച്ച മെഡിക്കൽ വിദ്യാർത്ഥി ഗൗരിശങ്കറെ പ്രതിയാക്കും.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് നാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ ദാരുണമായ വാഹനാപകടം ഉണ്ടായത്. പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. രണ്ട് മാസം മുമ്പാണ് അഞ്ച് പേരും ആലപ്പുഴ മെഡിക്കൽ കോളേജിൽ എംബിബിഎസിന് ചേര്‍ന്നത്. കാറിൽ 11 പേരുണ്ടായിരുന്നു ഉണ്ടായിരുന്നത്. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്നു യുവാക്കള്‍. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്ത് എടുത്തത്. കാറിലുണ്ടായിരുന്ന മറ്റ് ആറ് പേർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്.
വാഹനാപകടത്തിലേക്ക് നയിച്ചത് പ്രതികൂല കാലാവസ്ഥയും ഡ്രൈവിങ്ങിലെ പരിചയക്കുറവുമാണെന്നാണ് ഗതാഗത വകുപ്പിന്റെ കണ്ടെത്തല്‍. കനത്ത മഴയും, വാഹനം ഓടിച്ച ആളുടെ പരിചയകുറവും, ഓവർ ലോഡും, വാഹനത്തിന്റെ കാലപ്പഴക്കവുമാണ് അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചതെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു. സംഭവത്തില്‍ ആദ്യം കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കിയാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തിരുന്നത്. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ആദ്യ വിവരപ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തതെന്ന് പൊലീസിന്റെ വിശദീകരണം. സിസിടിവി ദൃശ്യങ്ങളുടെയും മൊഴികളുടേയും അടിസ്ഥാനത്തിൽ ഇതിൽ മാറ്റം വരുമെന്നും പൊലീസ് അറിയിച്ചിരുന്നു.