ഇന്ത്യൻ അതിർത്തിലെ പാക് വെടിവെയ്പ്; കൊല്ലപ്പെട്ടത് 13 പേരെന്ന് വിദേശകാര്യ വക്താവ്, 59 പേർക്ക് പരിക്കേറ്റു

ദില്ലി: കഴിഞ്ഞ ദിവസം പാകിസ്ഥാൻ ഇന്ത്യൻ അതിർത്തിയിൽ നടത്തിയ വെടിവെയ്പിൽ കൊല്ലപ്പെട്ടത് 13 പേരെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ. വെടിവെയ്പിൽ 59 പേർക്ക് പരിക്കേറ്റെന്ന് രൺധീർ ജയ്സ്വാൾ അറിയിച്ചു. ഇതിൽ 44 പേർ പൂഞ്ച് മേഖലയിൽ നിന്നാണെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി. പാകിസ്ഥാന് ഭീകരര്‍ക്ക് നേരെയുള്ള ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെയാണ് ജമ്മു കശ്മീരിൽ പാക് ഷെല്ലാക്രമണത്തിലും വെടിവയ്പ്പിലും ഉണ്ടായത്.
അതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ സുരക്ഷ ഉപദേഷ്ടാവുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിലാണ് അജിത് ഡോവലുമായുള്ള കൂടിക്കാഴ്ച. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. നിലവിലെ സാഹചര്യവും ഓപ്പറേഷൻ സിന്ദൂരിനെ തുടർന്ന് ഇന്ത്യാ- പാകിസ്ഥാൻ അതിർത്തിയിലടക്കമുണ്ടായ സംഭവ വികാസങ്ങളും പ്രധാനമന്ത്രിയെ അറിയിക്കാനായിരുന്നു കൂടിക്കാഴ്ച. പാകിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങൾ തകർത്ത ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് വിശദീകരിക്കാൻ കേന്ദ്രസർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിന് മുന്നോടിയായാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.




