Uncategorized

രണ്ടാഴ്ചത്തെ സസ്പെൻസ് അവസാനിച്ചു; മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നവിസ് തന്നെ, സത്യപ്രതിജ്ഞ നാളെ

മുംബൈ: ഏറെ ദിവസത്തെ അനിശ്ചിതത്വത്തിന് ശേഷം മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനെ തെരഞ്ഞെടുത്തു. ഫഡ്നവിസ് നാളെ മുംബൈയിലെ ആസാദ് മൈതാനിയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മഹരാഷ്ട്രയിൽ ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യം മിന്നുന്ന വിജയം നേടിയിരുന്നെങ്കിലും മുഖ്യമന്ത്രി സ്ഥാനം തർക്കത്തിലായിരുന്നു. ശിവസേന നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിൻഡെ വഴങ്ങാതായതോടെയാണ് അനിശ്ചിതത്വമുണ്ടായത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ഉന്നത ബിജെപി നേതാക്കൾ ഇടപെട്ടതോടെ ഷിൻഡെ അയഞ്ഞു. മഹായുതിയുടെ വൻ വിജയത്തിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനമായത്. സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കാൻ ഫഡ്‌നാവിസ് ഇന്ന് ഗവർണർ സിപി രാധാകൃഷ്ണനെ കാണും. ശിവസേന അധ്യക്ഷൻ ഏകനാഥ് ഷിൻഡെ, എൻസിപി നേതാവ് അജിത് പവാർ എന്നിവരുമായി ഫഡ്നവിസ് കൂടിക്കാഴ്ച നടത്തും.

ബിജെപി നിയമസഭാംഗങ്ങളുടെ യോഗത്തിൽ, നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്നും ബിജെപിയുടെ 132 എംഎൽഎമാരുടെ പിന്തുണയില്ലാതെ താൻ ഇവിടെ ഉണ്ടാകില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയ്ക്ക് നന്ദിയെന്നും ബിജെപിയുടെ ‘ഇരട്ട എഞ്ചിൻ’ സർക്കാർ മഹാരാഷ്ട്രയിൽ വികസനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ‘ഏക് ഹെയ് ടു സേഫ് ഹെയ്’ മുദ്രാവാക്യമാണ് മഹായുതിയുടെ വിജയത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ കോർ കമ്മിറ്റിയാണ് ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. 288-ൽ 230 സീറ്റുകളും മഹായുതി സഖ്യം നേടിയിരുന്നു. തെരഞ്ഞെടുപ്പിൽ സഖ്യത്തെ നയിച്ചത് ഷിൻഡെയാണെന്നും മുഖ്യമന്ത്രിയായി അദ്ദേഹം തുടരണമെന്നും ശിവസേന നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മത്സരിച്ച 148 സീറ്റിൽ 132ലും വിജയിച്ച ബിജെപിക്കാണ് മുഖ്യമന്ത്രി സ്ഥാനത്തിനർഹതയെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button