ബൈക്കിലിടിച്ച് നിർത്താതെ പോയത് ചോദ്യം ചെയ്ത 23കാരനെ ബോണറ്റിൽ തൂക്കിയിട്ട് ചീറിപ്പാഞ്ഞ് ഓഡി കാർ, അറസ്റ്റ്
പൂനെ: ആഡംബര വാഹനം ഇടിച്ച് കാറിന്റെ ബോണറ്റിൽ കുടുങ്ങി ബൈക്ക് യാത്രികൻ. വാഹനം നിർത്താൻ പോലും തയ്യാറാകാതെ ചീറിപ്പാഞ്ഞ യുവാക്കൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്. ബോണറ്റിൽ തൂങ്ങിക്കിടന്ന യുവാവുമായി മൂന്ന് കിലോമീറ്ററിലേറെ പോയ ശേഷമാണ് ഓഡി കാർ നിർത്താൻ വാഹനം ഓടിച്ചിരുന്ന യുവാക്കൾ തയ്യാറായത്. പൂനെയിലെ ആകൃതിയിലെ കെറ്റിസി ഷോറൂമിന് സമീപത്ത് വച്ച് ഞായറാഴ്ച രാത്രി 9.40ഓടെയാണ് അപകടമുണ്ടായത്.
സംഭവത്തിൽ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വസ്ത്ര വ്യാപാര കുടുംബാംഗമായ 23കാരൻ കമലേഷ് പാട്ടീലും ഇയാളുടെ സുഹൃത്തുക്കളായ രണ്ട് പേരുമാണ് അറസ്റ്റിലായത്. 26കാരനായ ഹേമന്ത് മസാൽക്കർ, 22 കാരനായ പ്രഥമേഷ് ദഡാറെ എന്നിവരാണ് പിടിയിലായിട്ടുള്ള മറ്റുരണ്ട് പേർ. സ്വകാര്യ കമ്പനിയിൽ ജോലിക്കാരനായ 23കാരനും നിഗ്ഡി സ്വദേശിയുമായ ജേക്കബ് മാത്യു സക്കറിയ എന്ന ബൈക്ക് യാത്രികനാണ് കമലേഷിന്റെ ആഡംബര കാറിന്റെ ബോണറ്റിൽ ജീവനും കയ്യിൽപ്പിടിച്ച് തൂങ്ങിക്കിടക്കേണ്ടി വന്നത്. സുഹൃത്തിനൊപ്പം വീട്ടിലേക്ക് പോവുകയായിരുന്നു ജേക്കബ്.
അമിത വേഗത്തിലെത്തിയ ഓഡി കാറിന്റെ മിറർ ജേക്കബും സുഹൃത്ത് അനികേതും സഞ്ചരിച്ചിരുന്ന ബൈക്കിന്റെ ഹാൻഡിലിൽ തട്ടിയിരുന്നു. വാഹനം നിർത്താതെ പോയതിന് പിന്നാലെ അടുത്ത ജംഗ്ഷനിൽ വച്ച് ജേക്കബും അനികേതും ഓഡി കാറിലെത്തിയ യുവാക്കളോട് ദേക്ഷ്യപ്പെട്ടിരുന്നു. ഇത് വാക്കേറ്റത്തിലേക്കും കയ്യേറ്റത്തിലേക്കും എത്തുകയായിരുന്നു. വാഹനം മുന്നോട്ട് എടുത്ത് പോകാനുള്ള ശ്രമം തടയാനായി ജേക്കബ് കാറിന് മുന്നിൽ കയറി നിന്നു. പൊലീസിനെ വിളിക്കാൻ ജേക്കബ് ശ്രമിച്ചതോടെ ഓഡി കാർ മുന്നോട്ട് എടുക്കുകയായിരുന്നു.