Uncategorized

മൊബൈൽ അടിച്ചുമാറ്റി കുരങ്ങൻ, റിംഗ് ചെയ്തപ്പോൾ കോൾ അറ്റൻ‍ഡ് ചെയ്ത് ചെവിയിൽ വെച്ചു; രസകരമായ സംഭവം മലപ്പുറത്ത്

മലപ്പുറം: മനുഷ്യർക്കിടയിലേക്ക് വല്ലപ്പോഴും എത്തുന്ന കുരങ്ങുകൾ കുസൃതി ഒപ്പിക്കുക പതിവാണ്. തെങ്ങിൽ കയറി തേങ്ങയിടുന്നതും കൃഷി നശിപ്പിക്കുന്നതും ഭക്ഷണം കവരുന്നതും നിത്യസംഭവമാണ്. എന്നാൽ മൊബൈൽ ഫോൺ അടിച്ചുമാറ്റി കോൾ അറ്റൻഡ് ചെയ്തതോടെ സംഭവം കളറായി. കഴിഞ്ഞ ദിവസം മലപ്പുറം തിരൂരിലാണ് രസകരമായ സംഭവം നടന്നത്.

തിരൂർ സംഗമം റസിഡൻസിയിൽ മുകൾ നിലയിൽ അലൂമിനിയം ഫാബ്രിക്കേഷൻ ജോലിയിൽ ഏർപ്പെട്ടിരുന്ന യുവാവിന്റെ മൊബൈൽ ഫോണാണ് കുരങ്ങൻ കവർന്നത്. ജോലിത്തിരക്കിനിടയിൽ തൊട്ടടുത്ത ഷീറ്റിന് മുകളിൽ ഫോൺ വെച്ച് ജോലിയിൽ മുഴുകിയിരിക്കുകയായിരുന്നു യുവാവ്. ഷീറ്റിന് മുകളിലേക്ക് ഓടിക്കയറിയ കുരങ്ങൻ ഫോണുമായി ഞൊടിയിടയിൽ തെങ്ങിൻ മുകളിലേക്ക് ഓടിക്കയറുകയായിരുന്നു. ബഹളം വെച്ചതോടെ കുരങ്ങൻ കൂടുതൽ ഉയരത്തിലെത്തി. പിന്നീട് കമുകിന് മുകളിലേയ്ക്കും വലിഞ്ഞ് കേറി. ഇതോടെ യുവാവും കൂടെ തൊഴിൽ എടുക്കുന്നവരും നാട്ടുകാരും ചേർന്ന് ഫോൺ താഴെയെത്തിക്കാനുള്ള ശ്രമത്തിലായി.

ഫോൺ തിരിച്ചു കിട്ടാൻ കൂടെ നിന്നവരെല്ലാം ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. ഇതിനിടയ്ക്ക് ഫോൺ റിം​ഗ് ചെയ്തപ്പോൾ കുരങ്ങൻ ബട്ടൺ അമർത്തി ചെവിയിൽ വെയ്ക്കുകയും ചെയ്യുകയായിരുന്നു. ഇതോടെ കൂടെ നിന്നവരെല്ലാം അദ്ഭുതപ്പെട്ടു. നിരവധി തവണ യുവാവും സംഘവും കല്ലെടുത്ത് എറിഞ്ഞ് നോക്കിയെങ്കിലും ശ്രമം വിഫലമായി. തൊപ്പിക്കാരന്റെ കഥ പോലെ കുരങ്ങൻ ഫോൺ താഴെ ഇടുമെന്ന പ്രതീക്ഷയും അസ്തമിച്ചു. തുടർന്ന് റസിഡൻസിയിലെ സമ്മേളന പ്രതിനിധികളും പുറത്തിറങ്ങി. കുരങ്ങനെ പിടികൂടാനായി പിന്നീട് ശ്രമം. അതിനിടെ മറ്റൊരു കവുങ്ങിലേയ്ക്ക് ചാടുന്നതിനിടയിൽ മൊബൈൽ ഫോൺ താഴെ വീണു. മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾക്കൊടുവിൽ മൊബൈൽ തിരിച്ച് കിട്ടിയ സന്തോഷത്തോടെ യുവാവും സുഹൃത്തുക്കളും മടങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button