വഴക്കിന്‍റെ ശബ്ദവും നിലവിളിയും കേട്ടു, വാതിൽ തകർത്തപ്പോൾ ആദ്യം കണ്ടത് കഴുത്തറുത്ത നിലയിൽ സ്ത്രീയുടെ മൃതദേഹം

കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ ദിവസമാണ് ഫ്ലാറ്റില്‍ മലയാളി നഴ്സ് ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് കുവൈത്തിനെ നടുക്കിയ നഴ്സ് ദമ്പതികളുടെ കൊലപാതകം പുറം ലോകമറിയുന്നത്. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപമുള്ള ഫ്‌ളാറ്റിലാണ് മലയാളി നഴ്സ് ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. എറണാകുളം സ്വദേശികളായ സൂരജ്, ബിൻസി ദമ്പതികളാണ് മരണപ്പെട്ടത്. രണ്ടുപേരും കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാരായിരുന്നു.
പൊലീസ് റിപ്പോർട്ട് പ്രകാരം അയൽക്കാർ സംശയത്തെത്തുടർന്ന് ഫ്ലാറ്റ് സെക്യൂരിറ്റിയെ വിവരം അറിയിക്കുകയും തുടർന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓപ്പറേഷൻസ് റൂമിലേക്ക് വിവരം അറിയിക്കുകയും ചെയ്തതിനെ തുടർന്നാണ് ഫർവാനിയ പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചത്. പൊലീസ് അബ്ബാസിയയിലെ സംഭവസ്ഥലത്തെ ഫ്‌ളാറ്റിൽ പോയി ഡോറിൽ മുട്ടിയപ്പോൾ ആരും വാതിൽ തുറന്നില്ലെന്ന് സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തി. തുടർന്ന് പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതി വാങ്ങി ഡോർ തകർത്ത് അപ്പാർട്ട്മെന്‍റില്‍ പ്രവേശിച്ചപ്പോൾ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. ആദ്യത്തേത് കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ ഒരു സ്ത്രീയുടേതാണ്, അവരുടെ രക്തം ഹാളിൽ നിറഞ്ഞിരുന്നു. തിരച്ചിലിനു ശേഷം, മറ്റൊരു മൃതദേഹവും കണ്ടെത്തി, അത് കുറ്റകൃത്യം ചെയ്ത ശേഷം ആത്മഹത്യ ചെയ്ത ഭർത്താവിന്റെതായിരുന്നുവെന്നുമാണ് പൊലീസ് റിപ്പോർട്ട്.




