ഏലത്തോട്ടത്തിൽ ഭീതി പരത്തി കാട്ടാനക്കൂട്ടമിറങ്ങി, തൊഴിലാളികൾ രക്ഷപ്പെട്ടത് മരത്തിന് മുകളിൽ കയറി
ഇടുക്കി: ചിന്നക്കനാലിൽ ഏലത്തോട്ടത്തിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. രാവിലെ 9 മണിയോടെ ശങ്കരപാണ്ഡ്യമെട്ടിന് സമീപം രംഗസ്വാമിയുടെ ഏലത്തോട്ടത്തിലാണ് കാട്ടാനക്കൂട്ടം എത്തിയത്. ഈ സമയം തൊഴിലാളികൾ തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്നു.
ശബ്ദം കേട്ട് തൊഴിലാളികൾ ഓടി മാറി. കാട്ടാനക്കൂട്ടത്തിനു മുൻപിൽ നിന്ന് ഓടി രക്ഷപ്പെട്ട് തൊഴിലാളികൾ മരത്തിനു മുകളിൽ കയറി. ഒരു മണിക്കൂറോളം ഭീതി പരത്തിയ ശേഷമാണ് കാട്ടാനക്കൂട്ടം ബോഡിമെട്ട് ഭാഗത്തേക്ക് നീങ്ങിയത്.
അതിനിടെ കോതമംഗലത്ത് കൂട്ടം തെറ്റി കാട്ടാനക്കുട്ടി കിണറ്റിൽ വീണു. വനപാലകരും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ആനക്കുട്ടിയെ പുറത്തെത്തിച്ചു. ഇന്നലെ രാത്രി 9 മണിയോടെയാണ് കാട്ടാനക്കൂട്ടത്തിൽ നിന്ന് കൂട്ടം തെറ്റി ആനക്കുട്ടി ഒരു വീടിന് സമീപത്തെ കിണറ്റിൽ വീണത്. കോതമംഗലത്തെ ആദിവാസി കോളനിക്ക് സമീപത്താണിത്. കിണറിന് വലിയ ആഴമുണ്ടായിരുന്നില്ല, ഇത് രക്ഷാപ്രവർത്തനത്തിന് സഹായകരമായി.
കിണറിന്റെ വശം ഇടിച്ച ശേഷം വടം കെട്ടിയാണ് ആനക്കുട്ടിയെ പുറത്തെത്തിച്ചത്. പുറത്തെത്തിയ ആനക്കുട്ടി കാട്ടിനകത്തേക്ക് പോയി ആനക്കൂട്ടത്തിനൊപ്പം ചേർന്നു.