രാത്രി ഭക്ഷണത്തിന് ഒരുങ്ങുന്നതിനിടയിൽ സഹോദരനെ തെരഞ്ഞ് അക്രമികളെത്തി, യുപിയിൽ വെടിയേറ്റ് മരിച്ചത് 8 വയസുകാരി
മീററ്റ്: സഹോദനോടുള്ള വൈരാഗ്യത്തിൽ അക്രമി സംഘം വീട്ടിൽ അതിക്രമിച്ച് കയറി വെടിയുതിർത്തു. ഉത്തർ പ്രദേശിൽ എട്ട് വയസുകാരിക്ക് ദാരുണാന്ത്യം. എട്ടോളം പേർ ഞായറാഴ്ച നടത്തിയ വെടിവയ്പിലാണ് രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചത്. സംഭവത്തിൽ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആഫിയ ത്യാഗി എന്ന എട്ടുവയസുകാരിയാണ് നെഞ്ചിൽ വെടിയേറ്റ് മരിച്ചത്. കാലന്ദിലെ പ്രാദേശിക സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു ആഫിയ.
കാലന്ദിൽ പാൽക്കച്ചവടം നടത്തുന്ന വ്യക്തിയാണ് ആഫിയയുടെ പിതാവ് തെഹ്സീൻ ത്യാഗി. ഞായറാഴ്ച രാത്രി ഭക്ഷണം കഴിക്കാനൊരുങ്ങുന്നതിനിടെ തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായി എത്തിയ അക്രമികളെ കണ്ട 42കാരനായ തെഹ്സീനും മൂന്ന് മക്കളും ഒളിച്ചിരുന്നെങ്കിലും ആഫീയയ്ക്ക് എന്തെങ്കിലും ചെയ്യാൻ ആവുന്നതിന് മുൻപ് വെടിയേൽക്കുകയായിരുന്നു.
സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇങ്ങനെയാണ്. ആഫിയയുടെ സഹോദരനും 18കാരനുമായ സഹീലുമായി മുൻവൈരാഗ്യം നിലനിന്നിരുന്ന നാട്ടുകാരാണ് അക്രമത്തിന് പിന്നിൽ. ഞായറാഴ്ച പ്രാദേശിക ചന്തയിലേക്ക് പാലുമായി എത്തിയ 18കാരനുമായി ഇതേ ഗ്രാമവാസികളായ രണ്ട് പേർ കലഹിച്ചിരുന്നു. ഈ വാക്കേറ്റം നാട്ടുകാർ ഇടപെട്ടാണ് തണുപ്പിച്ചത്. രാത്രി 8 മണിയോടെ സഹീലിനെ ലക്ഷ്യമിട്ടെത്തിയ സംഘം തെഹ്സീന്റെ വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് വെടിയുതിർക്കുകയായിരുന്നു. മുകൾ നിലയിലെ സ്റ്റെയർ കേസിന് സമീപത്ത് നിൽക്കുമ്പോഴാണ് 8 വയസുകാരിക്ക് വെടിയേറ്റത്. വെടിയൊച്ച കേട്ട് സമീപവാസികൾ എത്തിയപ്പോഴേയ്ക്കും അക്രമി സംഘം രക്ഷപ്പെട്ടിരുന്നു. ഒരു വർഷം മുൻപ് സഹീലും അക്രമി സംഘത്തിലെ രണ്ട് പേരിലും തർക്കമുണ്ടായിരുന്നു. ഇതിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും പിന്നീട് ഇരുവിഭാഗവും പരാതി പിൻവലിക്കുകയായിരുന്നു.
മകളുടെ മരണത്തിന് പിന്നാലെ 8 വയസുകാരിയുടെ പിതാവിന്റെ പരാതിയിലാണ് രണ്ട് പേരെ മീററ്റ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കൊലപാതകം അടക്കമുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. സംഭവത്തിൽ മൂന്ന് പ്രത്യേക സംഘം പ്രതികളെ കണ്ടെത്താനായി നിയോഗിച്ചതായാണ് മീററ്റ് എസ്എസ്പി വിപിൻ ടാഡ വിശദമാക്കിയിട്ടുള്ളത്.