Uncategorized

കരുവന്നൂർ കേസിലെ ജാമ്യം: ഇഡി സുപ്രീംകോടതിയിലേക്ക്; ജാമ്യ ഉത്തരവിലെ പരാമർശം നീക്കണമെന്ന് ആവശ്യപ്പെടും

കൊച്ചി: കരുവന്നൂർ കേസിലെ പ്രതികൾക്ക് ജാമ്യം നൽകിയ കോടതി ഉത്തരവിലെ പരാമർശങ്ങൾക്കെതിരെ ഇഡി സുപ്രീംകോടതിയിലേക്ക്. ജാമ്യ ഉത്തരവിലെ ചില പരാമർശങ്ങൾ നീക്കണമെന്ന് ആവശ്യപ്പെടും. പ്രതികൾ കുറ്റം ചെയ്തതായി കരുതാൻ കാരണമില്ലെന്ന ഹൈക്കോടതി നിരീക്ഷണത്തിലാണ് ഇഡിക്ക് അതൃപ്തി. ഹൈക്കോടതി ഉത്തരവിലെ പരാമർശം കേസിന്‍റെ വിചാരണയെ അടക്കം ബാധിക്കുമെന്ന് വിലയിരുത്തൽ. എന്നാൽ ജാമ്യ നൽകിയതിനെതിരെ അപ്പീൽ നൽകാൻ ആലോചനയില്ല. സിപിഎം നേതാവ് പി ആർ അരവിന്ദാക്ഷന്‍റെ ജാമ്യ ഉത്തരവിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ പരാർമർശമുളളത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തടക്കം സംസ്ഥാന രാഷ്ടീയത്തിൽ ഏറെ കോളിളക്കങ്ങൾ ഉണ്ടാക്കിയ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ സിപിഎം നേതാവ് പി.ആർ അരവിന്ദാക്ഷനും മുൻ അക്കൗണ്ടന്‍റ് സി.കെ ജിൽസിനും ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. അരവിന്ദാക്ഷനും ജിൽസും കഴി‌ഞ്ഞ 14 മാസമായി ജയിലിലായിരുന്നു. ഇരുവർക്കുമെതിരായ ആരോപണങ്ങളിൽ അന്വേഷണവും പൂർത്തിയായി. കുറ്റപത്രം സമ‍ർപ്പിക്കാൻ ഇനിയും വൈകും. ഉടനെയൊന്നും വിചാരണ തുടങ്ങാനുളള സാധ്യതയുമില്ല. കളളപ്പണക്കേസ് അന്വേഷിച്ച ഇഡിയുടെ വാദവും ഇതിന് പ്രതികളുടെ മറുപടിയും കേട്ടു. കോടതിയുടെ മുന്നിലെത്തിയ വസ്തുതകകൾ പരിശോധിക്കുകയും ചെയ്തു. ഇഡി ആരോപിക്കുന്നതുപോലുളള കുറ്റകൃത്യം പ്രതികൾ ചെയ്തതായി കരുതാൻ ന്യായമായ കാരണങ്ങളില്ല. അതുകൂടി പരിഗണിച്ചാണ് ഇരുവ‍ർക്കും  ജാമ്യം നൽകുന്നതെന്നാണ് ഉത്തരവിലുളളത്. അടുത്തിടെ മനീഷ് സിസോദിയക്കും സെന്തിൽ ബലാജിക്കും ഇഡി കേസുകളിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ച ഉത്തരവുകൾ കൂടി പരാമർശിച്ചു കൊണ്ടാണ് ജസ്റ്റീസ് സി എസ് ഡയസിന്‍റെ  നടപടി.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button