കായലിൽ നങ്കൂരമിട്ട ‘ബിലാലും’ ‘സഞ്ചാരി’യും; വല അറുത്ത് മുറിച്ച് കൊണ്ടുപോയത് 200 പിച്ചള വളയങ്ങൾ, പ്രതി പിടിയിൽ
ഹരിപ്പാട്: കായലിൽ നങ്കൂരമിട്ടിരുന്ന രണ്ടു മത്സ്യബന്ധന വള്ളങ്ങളിൽ നിന്നു പിച്ചള വളയങ്ങൾ മോഷ്ടിച്ച കേസിൽ ഒരാൾ പിടിയിലായി. ആറാട്ടുപുഴ സ്വദേശി പ്രശാന്തി (42) നെയാണ് അറസ്റ്റു ചെയ്തത്. തൃക്കുന്നപ്പുഴ പൊലീസാണ് പിടികൂടിയത്.
ആറാട്ടുപുഴ സ്വദേശി അബ്ദുൽ ലത്തീഫിന്‍റെ ഉടമസ്ഥതയിലുള്ള ബിലാൽ വളളത്തിലും നാലുതെങ്ങിലെ മുഹമ്മദ് ഷാഫിയുടെ ഉടമസ്ഥതയിലുള്ള സഞ്ചാരി വള്ളത്തിലുമാണ് കഴിഞ്ഞയാഴ്ച മോഷണം നടന്നത്. ആറാട്ടുപുഴ ബസ് സ്റ്റാൻഡിന് കിഴക്കു ഭാഗത്ത് കുന്നുംപുറത്ത് കടവിൽ കായലിലാണ് രണ്ടു ലൈലാന്റ് വളളങ്ങളും നങ്കൂരമിട്ടിരുന്നത്. വലകൾ അറുത്തു മുറിച്ച് ഒരു കിലോ തൂക്കം വരുന്ന നൂറോളം പിച്ചള വളയങ്ങളാണ് ഓരോ വളളത്തിൽ നിന്നും കൊണ്ടുപോയത്. റോപ്പും അറുത്തു നശിപ്പിച്ചു. രണ്ടു വളളങ്ങൾക്കും കൂടി അഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായത്.
ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രന്‍റെ മേൽനോട്ടത്തിൽ തൃക്കുന്നപ്പുഴ ഇൻസ്പെക്ടർ ഷാജിമോൻ, എസ് ഐ. അജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സജീഷ്, ഷിജു, ഇക്ബാൽ, വിഷ്ണു എന്നിവർ ചേർന്നാണ് പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രശാന്തിനെ റിമാൻഡ് ചെയ്തു.