Uncategorized
‘2016ൽ ആകെ കടം 1083 കോടി രൂപ, ഇന്നത് 45,000 കോടിയായി മാറി’; വൈദ്യുതി ബോര്‍ഡിൽ കെടുകാര്യസ്ഥതയെന്ന് വി ഡി സതീശൻ
കൊച്ചി: വൈദ്യുതി ബോര്‍ഡിലെ കെടുകാര്യസ്ഥതയുടെ തിക്തഫലം അനുഭവിക്കുന്നത് സാധാരണക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി ബോര്‍ഡിനെ ലാഭത്തിലാക്കി കടം കുറച്ചുകൊണ്ടുവന്നു. 2016-ല്‍ അധികാരത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ വൈദ്യുതി ബോര്‍ഡിന്റെ അതുവരെയുള്ള കടം 1083 കോടി രൂപയായിരുന്നു. ഇപ്പോള്‍ അത് 45,000 കോടിയായി. കെടുകാര്യസ്ഥതയാണ് വൈദ്യുതി ബോര്‍ഡില്‍ നടക്കുന്നത്.
സാധാരണക്കാരാണ് അതിന്റെ തിക്തഫലം അനുഭവിക്കുന്നത്. ഇപ്പോള്‍ മൂന്നാമത്തെ തവണ ചാര്‍ജ് കൂട്ടാനാണ് വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. കയ്യില്‍ പണമില്ലാത്ത സര്‍ക്കാരാണ് അനര്‍ഹരമായവര്‍ക്ക് പെന്ഷന് നല്‍കുന്നത്. അനര്‍ഹര്‍ പെന്ഷന് വാങ്ങുന്നുണ്ടെന്ന് സിഎജി ചൂണ്ടിക്കാട്ടിയിട്ടും രണ്ടു വര്‍ഷമായി ഈ സര്‍ക്കാര്‍ എവിടെയായിരുന്നു. ശമ്പളം കൈപ്പറ്റുന്നതിനൊപ്പം സാമൂഹിക സുരക്ഷാ പെന്ഷന് വാങ്ങുന്നത് ഗുരുതര കുറ്റകൃത്യമാണ്. അത്തരക്കാരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തട്ടിപ്പ് കാട്ടിയവരുടെ പേരുകള്‍ പുറത്തു വിടണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടും സര്‍ക്കാര്‍ എന്തുകൊണ്ട് വൈകുന്നു എന്നതു സംശയകരമാണ്. എയ്ഡഡ് സ്കൂളുകളില്‍ മൂന്ന് വര്‍ഷം മുന്‍പ് സ്ഥിര നിയമനം കിട്ടിയ അധ്യാപകരെ ദിവസ വേതനക്കാരാക്കി മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ സര്‍ക്കാരിനല്ലാതെ ആര്‍ക്ക് ഇത്തരം തലതിരിഞ്ഞ തീരുമാനങ്ങള്‍ എടുക്കാനാകുമെന്നും സതീശൻ ചോദിച്ചു.