Uncategorized

‘സ്വർണം കൊണ്ടുവരാൻ പറഞ്ഞ് കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസംമുട്ടിക്കും’; നവവധുവിനെ ഭർത്താവ് മർദിച്ചെന്ന് പരാതി

കൊല്ലം: കൊല്ലം കുണ്ടറയിൽ സ്ത്രീധനത്തിന്‍റെ പേരിൽ നവവധുവിനെ ഭർത്താവ് ക്രൂരമർദ്ദനത്തിന് ഇരയാക്കിയെന്ന് പരാതി. വിവാഹം കഴിഞ്ഞ് അഞ്ചാംനാൾ സ്ത്രീധനത്തിന്‍റെ പേരിൽ മർദ്ദിച്ചെന്നാണ് യുവതിയുടെ ആരോപണം. ഭർത്താവ് നിതിനെതിരെ കുണ്ടറ പൊലീസ് കേസെടുത്തു. എന്നാൽ, ആരോപണങ്ങൾ നിതിന്‍റെ കുടുംബം നിഷേധിച്ചു. 10 വർഷത്തെ പ്രണയത്തിന് ഒടുവിൽ നവംബർ 25 നാണ് കുണ്ടറ സ്വദേശികളായ യുവതിയുടെയും നിതിന്‍റെയും വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് അഞ്ചാം നാൾ സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവ് ക്രൂരമായി മർദ്ദിച്ചെന്നാണ് യുവതിയുടെ പരാതി.

ശരീരമാസകലം അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തെന്ന് യുവതി പറയുന്നു. സ്വര്‍ണം കൊണ്ടുവരാൻ പറ‍ഞ്ഞ് തന്നെ അടിച്ചിരുന്നുവെന്നും കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസമുട്ടിച്ചുവെന്നും യുവതി പറഞ്ഞു. പരിക്കുകളോടെ 29ാം തീയതി ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിൽ വെച്ച് സഹോദരനെ ഭർത്താവ് ആക്രമിച്ചെന്നും യുവതി പറയുന്നു. യുവതി നൽകിയ പരാതിയിൽ കുണ്ടറ പൊലീസ് നിതിനെതിരെ കേസെടുത്തു. എന്നാൽ, നിസാര വകുപ്പുകളാണ് ചുമത്തിയതെന്നാണ് പരാതിക്കാരിയുടെ ആക്ഷേപം. അതേസമയം, പരാതിയിൽ പറയുന്ന കാര്യങ്ങൾ നിതിന്‍റെ കുടുംബം നിഷേധിച്ചു. സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും മർദ്ദന പരാതി അടിസ്ഥാന രഹിതമാണെന്നുമാണ് കുടുംബത്തിന്‍റെ വാദം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button