Uncategorized
പത്തനംതിട്ടയിൽ റെഡ് അലർട്ട്, ശബരിമല തീർത്ഥാടകർക്ക് ജില്ലാ ഭരണകൂടം മുന്നറിയിപ്പ്, രാത്രി പമ്പയിൽ ഇറങ്ങരുത്
പത്തനംതിട്ട : റെഡ് അലർട്ട് പ്രഖ്യാപിച്ച പത്തനംതിട്ടയിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ ശബരിമല തീർത്ഥാടകർക്ക് മുന്നറിയിപ്പുമായി പത്തനംതിട്ട ജില്ലാ ഭരണകൂടം. വനത്തിൽ ശക്തമായ മഴയുള്ളതിനാൽ നദിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും തീർഥാടകർ ഇന്ന് രാത്രി പമ്പാനദിയിൽ കുളിക്കാൻ ഇറങ്ങരുതെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.
മലയോര മേഖലയിലേക്കുള്ള രാത്രിയാത്ര നിരോധിച്ചു. രാത്രി യാത്രയിൽ ശബരിമല തീർഥാടകർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. നാളെ രാവിലെയും മഴ ശക്തമായി തുടർന്നാൽ കാനനപാത വഴി തീർത്ഥാടകരെ കടത്തിവിടില്ല. മലയോരമേഖലയായ അത്തിക്കയം , പെരുനാട് സീതത്തോട് എന്നിവിടങ്ങളിൽ ഇന്ന് കൂടുതൽ അളവിൽ മഴ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വൈകിയവേളയിൽ പത്തനംതിട്ടയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്.