‘വാഹനവും വീടും വിറ്റു’; കുടിയേറ്റ പാർക്ക് നിർമാണത്തിന്‍റെ പണം കിട്ടിയില്ല, കരാറുകാരനും ശിൽപ്പിയും ദുരിതത്തിൽ

ഇടുക്കി: വിനോദ സഞ്ചാര വകുപ്പ് ഇടുക്കിയിൽ നിർമ്മിച്ച കുടിയേറ്റ പാർക്കിന്‍റെ ബില്ല് മാറി നൽകാത്തതിനാൽ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് കരാറുകാരനും ശിൽപ്പിയും. 80 ലക്ഷത്തോളം രൂപയാണ് കരാറുകാരന് കിട്ടാനുള്ളത്. 18 ലക്ഷം രൂപ കിട്ടാനുള്ള ശിൽപ്പിയുടെ അവസ്ഥയും ദയനീയമാണ്. ഇടുക്കിയുടെ കുടിയേറ്റ ചരിത്രം സഞ്ചാരികൾക്കും പുതുതലമുറക്കും മനസ്സിലാക്കാനാണ് വിനോദ സഞ്ചാര വകുപ്പ് കുടിയേറ്റ പാർക്ക് നിർമ്മിച്ചത്. ഇടുക്കി ആർച്ച് ഡാമിനു സമീപത്തെ കുന്നിൻ ചെരുവിലാണ് ശിൽപ്പങ്ങളുടെ സഹായത്തോടെ ഇടുക്കിയുടെ കഥ പറയുന്ന പാർക്ക് ഒരുക്കിയത്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്‍റെ അഞ്ചേക്കർ സ്ഥലത്താണ് നിർമ്മാണം.
ഇടുക്കിയുടെ ആദ്യകാലത്തെ സമര നായകന്മാരിൽ പ്രധാനിയായ എകെജി, ഫാ. വടക്കൻ എന്നിവർക്കൊപ്പം ഇപ്പോഴും ഇടുക്കിയുടെ ശാപമായ വന്യമൃഗ ആക്രമണവും പ്രകൃതി ദുരന്തങ്ങളുമെല്ലാം ഇവിടെ ആവിഷ്ക്കരിച്ചിട്ടുണ്ട്. എല്ലാം ജീവൻ തുടിക്കുന്ന ശിൽപ്പങ്ങൾ. മൂന്ന് കോടി രൂപയ്ക്കാണ് പണികൾ കരാർ നൽകിയത്. പണി പൂർത്തിയാക്കി 2024 ജനുവരിയിൽ വിനോദ സഞ്ചാര വകുപ്പിന് പാർക്ക് കൈമാറി. 80 ലക്ഷം രൂപയുടെ ബില്ലും സമർപ്പിച്ചു. ഒന്നര വർഷം കഴിഞ്ഞിട്ടും ഒരു രൂപ പോലും കിട്ടിയിട്ടില്ല. രാജാക്കാട് സ്വദേശിയായ ജോമോൻ ജോർജ്ജാണ് ശിൽപ്പങ്ങളും മറ്റും നിർമ്മിച്ചത്. പ്രതിഫലമായി കിട്ടേണ്ട പണം മുടങ്ങിയതോടെ ജോമോൻ ലക്ഷങ്ങളുടെ കടക്കെണിയിലുമായി. വാഹനവും വീടും വിറ്റാണ് കൂലി കൊടുത്ത് തീർത്തതെന്ന് ജോമോൻ പറയുന്നു. കുന്നിൻ മുകളിൽ പഴമയുടെ ചരിത്രവുമായി പൈതൃക മ്യൂസിയവും കോഫി ഷോപ്പുമുണ്ട്. പണി പൂർത്തിയാക്കി ഒന്നര വർഷം കഴിഞ്ഞിട്ടും തുറന്ന് കൊടുക്കാത്തതിനാൽ ലക്ഷങ്ങളുടെ നഷ്ടം സർക്കാരിനും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.