കാട് വെട്ടിത്തെളിക്കുന്നതിനിടെ പാഞ്ഞെത്തി കാട്ടുപന്നി, ആലപ്പുഴയിൽ വയോധികന് ഗുരുതര പരിക്ക്
വള്ളികുന്നം: കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് ഗുരുതര പരിക്കേറ്റു. വള്ളികുന്നം ഗ്രാമ പഞ്ചായത്ത് ഓഫീസിന് കിഴക്ക് ഭാഗത്ത് പോക്കാട് ഹർഷ മന്ദിരത്തിൽ കെ.പി. രാജു (75) നാണ് ഗുരുതര പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. വീടിനോട് ചേർന്നുള്ള പുരയിടത്തിൽ നിൽക്കുമ്പോഴാണ് പന്നി അപ്രതീക്ഷിതമായി എത്തി രാജുവിനെ ആക്രമിച്ചത്. അക്രമത്തിൽ ഇടതു കാലിന് ഗുരുതരമായി പരിക്കേറ്റു.
കൈക്കും പരിക്കേറ്റിട്ടുണ്ട്. വീടിനു സമീപത്തു നിന്നും 500 മീറ്റർ കിഴക്ക് ഭാഗത്തുള്ള കാട് വെട്ടിത്തെളിക്കുന്നതിനിടയിൽ ഓടി വന്ന പന്നിയാണ് ആക്രമിച്ചത്. സമീപം ഉണ്ടായിരുന്ന ആൾ ബഹളം വെച്ചതോടെ പന്നി ഓടിപ്പോവുകയായിരുന്നു. അക്രമത്തിൽ ഇടതുകാലിന് മുട്ടിന് താഴെ ആഴത്തിൽ മുറിവേറ്റ രാജുവിനെ ഓച്ചിറയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവിടെ കാട്ടുപന്നി ശല്യം പതിവാണെന്നാണ് നാട്ടുകാരുടെ പരാതി.
സമാനമായ മറ്റൊരു സംഭവത്തിൽ പയ്യോളിയിൽ കഴിഞ്ഞ ദിവസം കാട്ടുപന്നി കടലില്‍ നീന്തിത്തുടിച്ച് ക്ഷീണിച്ച് കരയില്‍ കയറി കല്ലുകള്‍ക്കിടയില്‍ കുടുങ്ങി. അയനിക്കാട് കടല്‍തീരത്താണ് കഴിഞ്ഞ ദിവസം അപ്രതീക്ഷിത സംഭവങ്ങള്‍ നടന്നത്. മേഖലയിൽ മണല്‍ത്തിട്ട ഇല്ലാത്തത് കാരണം കാട്ടുപന്നി കടല്‍ഭിത്തിക്കായി നിക്ഷേപിച്ച കരിങ്കല്ലുകള്‍ക്കിടയിലേക്ക് കയറിയാതാണെന്നാണ് സൂചന. അവശനായ പന്നി കല്ലുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്.