കൊച്ചിയിൽ രണ്ടിടത്ത് വൻ തീപിടിത്തം: നെടുമ്പാശേരിയിൽ ഹോട്ടലിലും എറണാകുളം സൗത്തിൽ ആക്രി ഗോഡൗണിലും തീ പടർന്നു
കൊച്ചി: കൊച്ചിയിൽ നഗരത്തെ ആശങ്കയിലാക്കി രണ്ടിടത്ത് തീപിടിത്തം. എറണാകുളം സൗത്തിൽ ആക്രി ഗോഡൗൺ കത്തിയത് അർധരാത്രി ഒരു മണിയോടെ.തീ നിയന്ത്രണ വിധേയമാക്കിയത് നാല് മണിക്കൂറിന് ശേഷം. ഗോഡൗണിലുണ്ടായിരുന്ന 9 തൊഴിലാളികളെയും രക്ഷപ്പെടുത്തി. മുക്കാൽ മണിക്കൂറോളം ട്രെയിൻ ഗതാഗതം നിർത്തിവച്ചു. നെടുന്പാശ്ശേരിയിൽ വിമാനത്താവളത്തിന് സമീപം ഹോട്ടലിലെ പാർക്കിംഗ് ഏരിയയിലുണ്ടായ തീപിടിത്തത്തിൽ വാഹനങ്ങൾ കത്തി.
സൗത്ത് മേൽപ്പാലത്തിനടിയിലുള്ള ആക്രി ഗോഡൗണാണ് പുലർച്ചെയോടെ കത്തിയത്. മണിക്കൂറുകൾ പരിശ്രമിച്ചാണ് അഗ്നിരക്ഷാ സേന തീ കെടുത്തിയത്. സമീപത്തെ വീട്ടുകാരെ പൊലീസ് ഒഴിപ്പിച്ചു. സിനിമാ നിർമാതാവ് രാജു ഗോപിയുടെ ഉടമസ്ഥതയിലുള്ള ആക്രി ഗോഡൗണിനാണ് തീ പിടിച്ചത്. ഗോഡൗണിനകത്ത് തൊഴിലാളികളുണ്ടായിരുന്നത് ആശങ്കയുണ്ടാക്കിയെങ്കിലും പൊലീസും അഗ്നിരക്ഷാ സേനയും സമയോചിത ഇടപെടലിലൂടെ എല്ലാവരെയും രക്ഷപ്പെടുത്തി. ഗോഡൗണിന് പിൻവശത്ത് നിന്നാണ് തീ പടർന്നതെന്ന് കൊച്ചി എസിപി രാജ്കുമാർ പറഞ്ഞു. എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്ന് വ്യക്തമല്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
നെടുമ്പാശേരിയിൽ വിമാനത്താവളത്തിന് സമീപത്തെ ആപ്പിൾ റസിഡൻസിയിൽ അർധരാത്രിയോടെയാണ് തീപിടിത്തം ഉണ്ടായത്. കാർ പാർക്കിംഗ് ഏരിയയിലുണ്ടായ അഗ്നിബാധയിൽ ഒരു കാർ പൂർണമായും 3 കാറുകളും ഏതാനും ബൈക്കുകളും ഭാഗികമായും കത്തിനശിച്ചു. ആളപായമില്ല. അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. ഒരു മുറിയിൽ കുടുങ്ങിയ പെൺകുട്ടിയെ വൈദ്യുതി പൂർണമായി വിച്ഛേദിച്ച ശേഷം ഏണി ഉപയോഗിച്ചാണ് രക്ഷപ്പെടുത്തി. മുറിയിലെ എസിയും വയറിംഗും കത്തി നശിച്ചു.