‘ഗുജറാത്ത് അല്ല കേരളം എന്ന് സംഘപരിവാർ മനസിലാക്കണം, മല്ലിക സുകുമാരനുമായി സംസാരിച്ചു’: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ ആരെയും വേട്ടയാടാൻ അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മല്ലികാ സുകുമാരനുമായി ഫോണിൽ സംസാരിച്ചു. മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങിയവർ മലയാള സിനിമാ വ്യവസായത്തിൽ അവിഭാജ്യ ഘടകമാണ്. ഇരുവർക്കും പിന്തുണ. സൈബർ അറ്റാക്കോ ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദമോ കേരളത്തിൽ വിലപ്പോവില്ല. ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഏറെ വിലനൽകുന്ന സംസ്ഥാനമാണ് കേരളം. ആ പാരമ്പര്യം കേരളം കാത്ത് സൂക്ഷിക്കും.
എംപുരാൻ ഒരു വാണിജ്യ സിനിമ ആണെങ്കിലും ചില കാര്യങ്ങൾ വ്യക്തമായി പറഞ്ഞു വെക്കുന്നുണ്ട്. ഗുജറാത്ത് കലാപവും ഗോധ്ര സംഭവവും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടിട്ടുള്ളതാണ്. സത്യം തുറന്ന് പറഞ്ഞു എന്നതിന്റെ പേരിൽ ആരെയും ക്രൂശിക്കാൻ കേരള ജനത അനുവദിക്കില്ല. ഗുജറാത്ത് അല്ല കേരളം എന്നത് സംഘപരിവാർ മനസിലാക്കണം. എംപുരാൻ ടീമിനെ ഒറ്റതിരഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല. അതിനുള്ള പ്രതിരോധം കേരളം തീർക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
ഇതിനിടെ, വിവാദങ്ങള്‍ക്ക് പിന്നാലെ മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രം എമ്പുരാനില്‍ വരുത്തിയത് 24 വെട്ടുകള്‍. റീ എഡിറ്റഡ് സെൻസർ രേഖ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. നന്ദി കാർഡിൽ നിന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കിയിട്ടുണ്ട്. ചിത്രത്തിലെ സ്ത്രീകൾക്ക് എതിരായ അതിക്രമം സീനുകൾ മുഴുവൻ ഒഴിവാക്കിയിട്ടുണ്ട്.
മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നു പോകുന്ന സീൻ വെട്ടി നീക്കിയിട്ടുണ്ട്. ഒപ്പം തന്നെ എന്‍ഐഎ എന്ന് പരാമര്‍ശിക്കുന്ന സീന്‍ നീക്കം ചെയ്തിട്ടുണ്ട്. പ്രധാന വില്ലന് കഥാപാത്രത്തിന്റെ പേര് ബജ്റംഗി എന്നത് മാറ്റി ബൽദേവ് എന്നാക്കിയിട്ടുണ്ട്.