ജിമ്മി ജോർജ് വിടവാങ്ങിയിട്ട് 37 വർഷം; കായിക കേരളം മറക്കില്ല മാനത്ത് ഉയർന്ന് വെള്ളിടി ഉതിർത്ത ‘ഹെർമീസിനെ’
പേരാവൂർ: രക്തം ധമനികളിലൂടെ ഊർജ്ജത്തിലേക്കൊഴുകി ഇരമ്പി എത്തി തലപ്പൊക്കത്തിനപ്പുറത്തേക്ക് മിന്നൽ പിണരായി മാറുന്ന അത്യുഗ്രസ്മാഷുകൾ. അടിയുടെ തടയുടെ പോരാട്ടവീര്യത്തിന്റെ മസിൽ പവറിന്റെ കേളി മികവിൽ ഗാലറികൾ ത്രസിക്കുമായിരുന്നു. കാൽ പെരുവിരലിൽ അമർന്ന് ചാടി ഉയർന്ന് കൈപ്പന്തിനെ തീപാറും വേഗത്തിന്റെ ഊക്കോടെ അടിച്ചിട്ട് ലോകോത്തര വിജയങ്ങൾ വെട്ടിപ്പിടിച്ച ഇന്ത്യൻ വോളിബോൾ ഇതിഹാസവും കേരളത്തിന്റെ കായിക പുത്രനുമായ ജിമ്മി ജോർജ് വിട പറഞ്ഞിട്ട് ഇന്ന് 37 വർഷമാകുന്നു.
വോളിബോൾ പ്രേമികൾ സ്പോർട്സ്മാൻ സ്പിരിറ്റോടെ ആരാധിക്കുന്ന ജിമ്മിയുടെ സ്മാഷുകളേറ്റ ബോൾ കോർട്ടിന്റെ സമതലങ്ങളിൽ ഉഗ്രവേഗത്തിലാണ് പതിക്കുന്നത്. സ്വപ്ന വിജയത്തിന്റെ ഉയരങ്ങൾ ഭേദിച്ച് ട്രോഫിയിൽ മുത്തമിടുന്ന ഒട്ടേറെ മോഹ നിമിഷങ്ങൾ ജിമ്മി ജോർജ് സമ്മാനിച്ചിട്ടുണ്ട്. രാജ്യാന്തര വോളിബോൾ സമക്ഷത്തിലേക്ക് കായിക കേരളം സമ്മാനിച്ച അതുല്യ പ്രതിഭ. കണ്ണൂർ പേരാവൂർ ഗ്രാമത്തിലെ വോളിബോൾ കോർട്ടുകളിൽ നിന്നും ഉയർന്നു തുടങ്ങിയ ജിമ്മി ജോർജിന്റെ സ്മാഷുകൾ യൂറോപ്പിലെ ലീഗുകളിൽ വരെ പ്രഹരം ഏറ്റിറങ്ങിയതോടെയാണ് താരം ഇന്ത്യൻ വോളിബോളിന്റെ മുഖമായി മാറിയത്.
ഒരു വിദേശ ക്ലബ്ബിന് വേണ്ടി കളിച്ച ഏക ഇന്ത്യൻ വോളിബോൾ കളിക്കാരനായ ജിമ്മി ജോർജ് 1987 നവംബർ 30ന് ഇറ്റലിയിൽ ഉണ്ടായ കാർ അപകടത്തിലാണ് അപ്രതീക്ഷിതമായി വേർപിരിയുന്നത്. അകാലത്തിൽ വേർപിരിഞ്ഞെങ്കിലും മനസ്സിൽ തിരുനാളമായി പ്രശോഭിക്കുന്ന ജിമ്മി ജോർജിന്റെ കരുത്ത് ഇറ്റലിയുടെ തെരുവുകളിലും മാറ്റൊലികൊണ്ടു.ജിമ്മിയുടെ സ്മരണയ്ക്കായി ഇറ്റലിയിൽ ഒരു സ്റ്റേഡിയം ഉണ്ട്.