രാജ്യത്താദ്യമായി വയോജനങ്ങൾക്കായി കമ്മീഷൻ; കേരള സംസ്ഥാന വയോജന കമ്മീഷൻ ബിൽ പാസാക്കി

രാജ്യത്താദ്യമായി വയോജനങ്ങൾക്കായി കമ്മീഷൻ കൊണ്ടുവരുന്ന കേരള സംസ്ഥാന വയോജന കമ്മീഷൻ ബിൽ സംസ്ഥാന നിയമസഭ പാസാക്കി. പ്രായമായവരുടെ (60 വയസ്സിന് മുകളിലുള്ളവർ) ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കാനും അവരുടെ ഉത്പാദനക്ഷമതയും, മൗലികവും നൂതനവുമായ ആശയങ്ങളോ പരിഹാരങ്ങളോ ഉണ്ടാക്കാനുള്ള കഴിവും, സമൂഹത്തിന് ഉപയോഗപ്പെടുത്താനുമായാണ് കമ്മീഷൻ നിലവിൽ വരുന്നത്. അവഗണനയും ചൂഷണവും അനാഥത്വവും അടക്കമുള്ള വയോജനതയുടെ ജീവിത പ്രയാസങ്ങൾ സംബന്ധിച്ച വർധിച്ചുവരുന്ന ഉത്കണ്ഠകൾ അടിയന്തിരമായി അഭിസംബോധന ചെയ്യാനാണ് ഈ കമ്മീഷൻ.
വയോജനങ്ങളുടെ പുനരധിവാസം സാധ്യമാക്കാനും അവരുടെ കഴിവുകൾ പൊതുസമൂഹത്തിന് ഉപയുക്തമാക്കുന്നതി്ന് ആവശ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നതിനും അവകാശ സംരക്ഷണം ഉറപ്പു വരുത്തുന്നതിനുമായാണ് വയോജന കമ്മീഷൻ നിലവിൽ വരിക, വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ കമ്മീഷന് ചുമതലയുണ്ടാവും. കമ്മീഷനിൽ സർക്കാർ വിജ്ഞാപനം വഴി നിയമിക്കുന്ന ഒരു ചെയർപേഴ്സണും നാലിൽ കവിയാത്ത എണ്ണം അംഗങ്ങളും ഉണ്ടായിരിക്കും. ചെയർപേഴ്സൺ ഉൾപ്പെടെ കമ്മീഷനിൽ നിയമിക്കപ്പെടുന്ന എല്ലാ അംഗങ്ങളും വയോജനങ്ങൾ ആയിരിക്കും. അവരിൽ ഒരാൾ പട്ടികജാതികളിലോ പട്ടികഗോത്ര വർഗ്ഗങ്ങളിലോ പെട്ടയാളും മറ്റൊരാൾ വനിതയും ആയിരിക്കും. കമ്മീഷന്റെ ആസ്ഥാനം തിരുവനന്തപുരത്ത് ആയിരിക്കും.