Uncategorized

ബാങ്ക് പണിമുടക്ക് എസ്എസ്എൽസി പരീക്ഷകളെ ബാധിക്കില്ല; ചോദ്യപേപ്പർ കൃത്യസമയത്ത് കൈമാറുമെന്ന് യൂണിയൻ

തിരുവനന്തപുരം: മാര്‍ച്ച് 24, 25 തിയതികളില്‍ ആഹ്വാനം ചെയ്ത അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് എസ്എസ്എൽസി പരീക്ഷകളെ ബാധിക്കില്ല. എസ് ബി ഐയുടെ തെരഞ്ഞെടുക്കപ്പെട്ട ശാഖകളില്‍ സൂക്ഷിച്ചിരിക്കുന്ന ചോദ്യപേപ്പറുകള്‍ നിര്‍ദേശിക്കുന്ന സമയത്ത് തന്നെ ബാങ്ക് അധികൃതരെത്തി പരീക്ഷാ നടത്തിപ്പുകാര്‍ക്ക് കൈമാറും. ഇതിനായി നിര്‍ദേശം നല്‍കിയതായി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍ (യുഎഫ്ബിയു) അറിയിച്ചു.

ബാങ്കുകളിലെ ഒഴിവുകൾ നികത്താൻ നിയമനങ്ങൾ നടത്തുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, പ്രവൃത്തി ദിവസം അഞ്ച് ദിവസമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ദ്വിദിന സമരം. ലേബർ കമ്മീഷണർ വിളിച്ച് ചേർത്ത ചർച്ച ഫലം കാണാത്തിനാൽ സമരവുമായി മുന്നോട്ട് പോകാനാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍റെ തീരുമാനം. ഇന്ന് ഒരു ചർച്ച കൂടി നടക്കാനുണ്ട്. ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ അടക്കം 9 യൂണിയനുകളുടെ സംയുക്ത സംഘടനയാണ് യുഎഫ്ബിയു.

അടിയന്തരമായി ബാങ്ക് ഇടപാടുകൾ നടത്താനുള്ളവർ ഇന്ന് തന്നെ നടത്തണം. നാളെ നാലാം ശനിയായതിനാലും മറ്റന്നാൾ ഞായറാഴ്ച ആയതിനാലും ബാങ്കുകൾ പ്രവർത്തിക്കില്ല. തിങ്കൾ, ചൊവ്വ പണിമുടക്ക് കൂടിയാകുമ്പോൾ ബുധനാഴ്ച മാത്രമേ ഇടപാടുകൾ നടത്താനാവൂ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button