വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഇരിട്ടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മീത്തലെ പുന്നാട് കോട്ടത്തെകുന്ന് ലക്ഷ്മി നിവാസിൽ പി രതീഷ് (43) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയായിരുന്നു മരണം.
ഒരാഴ്ച്ച മുൻപ് മട്ടന്നൂരിൽ പെട്രോൾ പമ്പിന് മുന്നിൽ വെച്ചായിരുന്നു അപകടം. സഹോദരപുത്രനൊപ്പം സ്‌കൂട്ടിയിൽ യാത്ര ചെയ്യുന്നതിനിടെ മട്ടന്നൂരിലെ പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം നിറച്ച് റോഡിലേക്കിറങ്ങവെ ഇരിട്ടി ഭാഗത്തു നിന്നും വരികയായിരുന്ന ബൊലേറോ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ രതീഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു രതീഷ്. ബൈക്ക് ഓടിച്ചിരുന്ന സഹോദരപുത്രൻ പ്രണവിനും അപകടത്തിൽ പരിക്കേറ്റിരുന്നു. ഇയാളുടെ പരിക്ക് ഗുരുതരമല്ല.
ഗൾഫിൽ ജോലി ചെയ്യുകയായിരുന്ന രതീഷ് അസുഖബാധിതയായ അമ്മയുടെ ചികിത്സയ്ക്കും പരിചരണത്തിനുമായി ഒരാഴ്ച്ച മുൻപാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയതിൻ്റെ പിറ്റേ ദിവസമാണ് അപകടത്തിൽ പെട്ടത്. പരേതനായ രാജന്റെയും പുളിയങ്ങോടൻ ലക്ഷ്മിയമ്മയുടെയും മകനാണ്. ഭാര്യ: സുചിത്ര. മക്കൾ: സൂര്യ കൃഷ്‌ണ, ധനശ്യം. സഹോദരൻ: പ്രകാശൻ. സംസ്‌കാരം ഇന്ന് വൈകിട്ട്.