സ്റ്റുഡന്റായി എത്തി, ക്ലാസിൽ കയറാതെ ഉഴപ്പി; 2 മാസത്തിൽ നടത്തിയത് 80 ലക്ഷത്തിന്റെ ഇടപാട്, പ്രിൻസിന്റെ ലഹരിവല

സുൽത്താൻ ബത്തേരി: കേരളത്തിലേക്ക് രാസസലഹരി എത്തിക്കുന്ന പ്രധാന കണ്ണികളിൽ ഒരാളായ ടാൻസാനിയ പൗരൻ പ്രിൻസ് സാംസൺ ഇന്ത്യയിലേക്ക് എത്തിയത് വിദ്യാർത്ഥിയായി. ബാംഗളൂരുവിലെ സർക്കാർ കോളേജിൽ ബിസിഎ പഠനത്തിനായി ചേർന്ന പ്രിൻസ് സാംസൺ ക്ലാസിൽ എത്തുന്നത് വല്ലപ്പോഴും മാത്രമാണ്. സെമസ്റ്റർ പരീക്ഷകളിൽ ഭൂരിഭാഗത്തിലും തോറ്റ 25-കാരൻ ലഹരി വിൽപ്പനയ്ക്കൊപ്പം ബംഗളുരുവിലും മറ്റുമായി ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു.
കേരളത്തിലേക്ക് രാസ ലഹരിയായ എംഡിഎംഎ എത്തിക്കാൻ മലയാളികളടക്കമുള്ളവരുടെ ഒരു സംഘം തന്നെ യുവാവിന് കീഴിലുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. കഴിഞ്ഞ മാസം 24 ന് മുത്തങ്ങ തകരപ്പാടിയിലെ പൊലീസ് ഔട്ട് പോസ്റ്റിന് സമീപം വെച്ച് പിടിയിലായ മലപ്പുറം സ്വദേശി ഷഫീഖ് എന്ന യുവാവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രിൻസ് സംസണിലേക്ക് അന്വേഷണ സംഘം എത്തിയത്. നാല് വർഷമായി ബംഗളുരുവിൽ താമസമാക്കിയ ഇയാൾ വലിയ അളവിൽ എംഡിഎംഎ അടക്കമുള്ള രാസലഹരികൾ കേരളത്തിലേക്ക് എത്തിക്കുകയായിരുന്നു. ഇക്കാര്യം വ്യക്തമായതോടെ പൊലീസ് പ്രതിക്കായി വല വിരിക്കുകയായിരുന്നു.




