സ്ത്രീകൾക്കായുള്ള തെരച്ചിലിന് ഡ്രോണും; വൻ സംഘത്തെ നിയോഗിച്ചെന്ന് മന്ത്രി, തെരച്ചിൽ പുനരാംരംഭിച്ചു
കൊച്ചി: കോതമംഗലം കുട്ടമ്പുഴയിൽ അട്ടിക്കളത്ത് വനത്തിലേക്ക് കയറിപ്പോയ പശുക്കളെ തെരയാൻ പോയ മൂന്ന് സ്ത്രീകൾക്കായി തെരച്ചിൽ പുനരാരംഭിച്ചു. രാത്രി വൈകിയും തെരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. കാട്ടാനക്കൂട്ടവും വെളിച്ചക്കുറവും വെല്ലുവിളിയായതോടെ തെരച്ചിലിന് പോയ രണ്ട് സംഘം മടങ്ങിയെത്തുകയായിരുന്നു. നിലവിൽ രണ്ട് സംഘം കാട്ടിൽ തുടരുകയാണ്. പശുക്കളെ തെരഞ്ഞ് വനത്തിലേക്ക് പോയ പാറുക്കുട്ടി, മായ, ഡാർലി സ്റ്റീഫൻ എന്നിവരെയാണ് കാണാതായത്.
അതേസമയം, തെരച്ചിലിന് കൂടുതൽ സംഘത്തെ നിയോഗിച്ചു. വനം വകുപ്പ് ജീവനക്കാർ, ഫയർ ഫോഴ്‌സ്, നാട്ടുകാർ, വനം വാച്ചർമാർ എന്നിവരാണ് സംഘത്തിലുള്ളത്. കാണാതായവർക്കുള്ള തെരച്ചിലിനു കൂടുതൽ സംഘത്തെ ഏർപ്പെടുത്തിയതായി വനം മന്ത്രി ഏകെ ശശീന്ദ്രൻ അറിയിച്ചു. കൂടുതൽ പൊലീസിനെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും നിയോഗിക്കും. തെരച്ചിലിനു ഡ്രോണും ഉപയോഗിക്കും. ഡ്രോൺ ഉപയോഗിക്കാൻ കലക്ടർക്ക് വനം മന്ത്രി നിർദേശം നൽകി. കുട്ടംമ്പുഴ വനത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ രാവിലെ പുനരാരംഭിച്ചതായും മന്ത്രി പറഞ്ഞു.
വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മൂന്ന് സ്ത്രീകളെ വനത്തിൽ കാണാതായതായി സ്ഥിരീകരിക്കുന്നത്. കാണാതായ മായയുമായി നാല് മണിയോടെ ഭർത്താവ് ഫോണിൽ സംസാരിച്ചികുന്നു. ബാറ്ററി തീരും, മെബൈൽ ഫോൺ ഓഫാകുമെന്നും മായ ഭർത്താവിനെ വിളിച്ച് അറിയിച്ചിരുന്നതായി പഞ്ചായത്ത് മെമ്പർ പറഞ്ഞു. കൂട്ടത്തിലുള്ള പാറുകുട്ടിക്ക് വനമേഖലയെക്കുറിച്ച് പരിചയമുണ്ടെങ്കിലും രാത്രി ആയതിനാൽ സ്ഥലം മാറിപ്പോകാൻ സാധ്യതയുണ്ടെന്നും ഒരു പാറയും ചെക്ക് ഡാമും കണ്ടു എന്ന മാത്രമാണ് ലഭിച്ച വിവരമെന്നും പഞ്ചായത്തംഗം പറഞ്ഞു.
പൊലീസും അഗ്നി രക്ഷാ സേനയും, വനംവകുപ്പും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ. നിലവിൽ നാല് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം ഉച്ചിക്ക് ഒരു മണിയോടെയാണ് മേയാൻ വിട്ട പശുക്കളെ തിരഞ്ഞ് വനത്തിലേക്ക് പോയ ഇവർ വഴി തെറ്റി കാട്ടിൽ കുടുങ്ങുകയായിരുന്നു. നാലുമണി വരെ ഇവർ ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. തുടർന്നാണ് ഫോൺ സ്വിച്ച് ഓഫ് ആയത്.