Uncategorized

വനാതിർത്തിയിൽ തൂക്കുവേലി; ആവശ്യം അംഗീകരിച്ചു, ആറളത്ത് ആർആർടി ഓഫീസിനുമുന്നിലെ രാപ്പകൽ സമരം പിൻവലിച്ചു

ഇരിട്ടി: ആറളം പുനരധിവാസ മേഖലയിലെ ആദിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, അക്രമകാരിയായ കാട്ടാനയെ മയക്കുവെടിവെച്ച് പിടിച്ച് നാടുകടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വിവിധ ആദിവാസി സംഘടനകൾ ഏഴുദിവസമായി വനം ദ്രുതകർമസേന ഓഫീസിനു മുന്നിൽ നടത്തിവന്ന രാപകൽ സമരം അവസാനിപ്പിച്ചു. ഇതോടൊപ്പം ഫാം ഓഫീസിനു മുന്നിലെ സമരവും പിൻവലിച്ചു.

കഴിഞ്ഞദിവസം വനം മന്ത്രിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിന്റെ തീരുമാനപ്രകാരം സണ്ണി ജോസഫ് എം.എൽ.എ. നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ജനകീയ സമരസമിതി സമരത്തിൽനിന്ന് പിന്മാറിയത്.

വനാതിർത്തിയിൽ സൗരോർജ തൂക്കുവേലി

ആനമതിൽ പൂർത്തിയാകുന്നതുവരെ വനാതിർത്തിയിൽ സൗരോർജ തൂക്കുവേലി നിർമിക്കാൻ തീരുമാനിച്ചു. വേലിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആറളം ഗ്രാമപ്പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും പദ്ധതിവിഹിതം ഉപയോഗപ്പെടുത്തിയാണ് വേലി നിർമിക്കുന്നത്. പുനരധിവാസ മേഖലയിലെ അടിക്കാടുകൾ വെട്ടിത്തളിക്കാൻ 50 തൊഴിലാളികളെ നിയോഗിക്കാനും മന്ത്രിതല ചർച്ചയിൽ തീരുമാനിച്ചിരുന്നു. കാട് വെട്ടാനായി 200 തൊഴിലാളികളെ നിയമിക്കണമെന്നും ആദിവാസി വിഭാഗങ്ങളിൽനിന്നുള്ള തൊഴിലാളികൾക്ക് ആദിവാസി പുനരധിവാസ മിഷൻ വഴി വേതനം നൽകണമെന്നും സമരക്കാർ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് എം.എൽ.എ. ഉറപ്പ്‌ നൽകി.

സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കണം

അക്രമകാരിയായ ആനയെ മയക്കുവെടിവെച്ച് പിടിക്കണമെന്ന സമരക്കാരുടെ ആവശ്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് സണ്ണി ജോസഫ് എം.എൽ.എ. പറഞ്ഞു. ഇപ്പോൾ നൽകിയ ഉറപ്പുകൾ സമയബന്ധിതമായി നടപ്പാക്കിയില്ലെങ്കിൽ നിങ്ങൾക്കൊപ്പം ഞാനും രാപകൽ സമരത്തിനുണ്ടാകുമെന്നും എം.എൽ.എ. പറഞ്ഞു. സർക്കാർ നൽകിയ ഉറപ്പുകളെല്ലാം അംഗീകരിച്ചാണ് സമരം താത്കാലികമായി നിർത്തുന്നതെന്ന് രാപകൽ സമരത്തിന് നേതൃത്വം നൽകിയ ഇരിട്ടി ബ്ലോക്ക് പഞ്ചായത്തംഗം വി.ശോഭ പറഞ്ഞു.

ആദിവാസി ദളിത് മുന്നേറ്റ സമിതി ചെയർമാൻ ശ്രീരാമൻ കൊയ്യോൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷിജി നടുപറമ്പിൽ, നേതാക്കളായ ചന്ദ്രൻ തില്ലങ്കേരി, പി.കെ.ജനാർദനൻ, വി.ടി.തോമസ്, ജോഷി പാലമറ്റം, സുദീപ് ജെയിംസ്, പി.എ.നസീർ,‌ സാജു യോമസ്, ജിമ്മി അന്തിനാട്ട്‌, അരവിന്ദൻ അക്കാനശ്ശേരി, കെ.എൻ.സോമൻ, സുരേഷ് മുട്ടുമാറ്റി എന്നിവരും സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button