സാമൂഹ്യപെൻഷൻ തട്ടിപ്പ്; ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ പുറത്തുവിടില്ല, കർശന നടപടിക്ക് നിർദേശം
തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ പട്ടികയിൽ അനധികൃമായി ഇടം നേടിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടിക്ക് വകുപ്പ് മേധാവികൾക്ക് നിർദേശം നൽകി ധനവകുപ്പ്. മസ്റ്ററിംഗിൽ അടക്കം തട്ടിപ്പ് നടന്നുവെന്നാണ് വിലയിരുത്തൽ. കൈപ്പറ്റിയ പണം പിഴ സഹിതം തിരിച്ചുപിടിക്കാനാണ് നീക്കമെങ്കിലും അനർഹരുടെ പേരുവിവരങ്ങൾ പുറത്തു വിടേണ്ടെന്നാണ് ധാരണ.
സര്‍ക്കാര്‍ പേ റോളിൽ ഉൾപ്പെട്ട എത്ര പേര്‍ ക്ഷേമപെൻഷൻ വാങ്ങുന്നുണ്ടെന്നതിന്‍റെ ലിസ്റ്റാണ് ധനവകുപ്പ് പുറത്ത് വിട്ടത്. എല്ലാ വകുപ്പികളിലുമുണ്ട് അനർഹർ. കര്‍ശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ലിസ്റ്റ് ധനവകുപ്പ് അതാത് വകുപ്പ് മേധാവികൾക്ക് കൈമാറിയിട്ടുള്ളത്. അനര്‍ഹരുടെ പട്ടികയിൽ വ്യക്തിഗതമായ പരിശോധനയാണ് നടക്കുക. സർക്കാർ സർവ്വീസിലുള്ള ഭിന്നശേഷിക്കാരാണ് പട്ടികയിൽ കൂടുതലമുള്ളതെന്നാണ് വിവരം. സർവ്വീസിൽ പ്രവേശിച്ചിട്ടും സാമൂഹ്യക്ഷേമപെൻഷൻ വേണ്ടെന്ന് എഴുതിക്കൊടുക്കാതെ ബോധപൂർവ്വം പണം കൈപ്പറ്റുന്നവരുമുണ്ട്. മസ്റ്ററിംഗിലും ഇവരെ പിടിക്കാനാകാത്തതിന് കാരണം തദ്ദേശവകുപ്പ് ജീവനക്കാരുടെ പിന്തുണ കൂടിയുള്ളത് കൊണ്ടാണ്. എല്ലാ രാഷ്ട്രീയപ്പാർട്ടികളും പരാമവധി ആളുകളെ പട്ടികയിൽ ഉൾപ്പെടുത്താൻ മത്സരിക്കുന്നതാണ് പതിവ്.
അനർഹർ പട്ടികയിലുണ്ടെന്ന് സിഎജി കണ്ടെത്തിയിട്ടും സർക്കാർ വലിയ കാര്യമാക്കിയിരുന്നില്ല. പിന്നീട് പെൻഷന് വൻ തുക വേണ്ടിവന്ന സാഹചര്യത്തിലാണ് പരിശോധന കർശനമാക്കിയത്. ഐകെഎം പ്രത്യേക സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് തട്ടിപ്പ് പിടിച്ചത്. നടന്നത് വലിയ തട്ടിപ്പാണെങ്കിലും പണം തിരിച്ചുപിടിക്കുന്നതിനപ്പുറം പേരുവിവരങ്ങൾ പുറത്തുവിടാൻ നീക്കമില്ല. രാഷ്ട്രീയസമ്മർദ്ദമടക്കം ഇതിന് കാരണമാണ്.