മക്കളുമായി ഷൈനി ജീവനൊടുക്കാൻ കാരണമായത് ആ വാട്സ്ആപ്പ് സന്ദേശം? നോബി ലൂക്കോസ് റിമാൻഡിൽ

കോട്ടയം: ഏറ്റുമാനൂരിൽ ട്രെയിന് മുന്നിൽ ചാടി അമ്മയും പെൺമക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് നോബി ലൂക്കോസ് റിമാൻഡിൽ. ഏറ്റുമാനൂർ കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. നോബിയെ കോട്ടയം ജില്ലാ ജയിലിലേക്ക് മാറ്റും.
ഭർത്താവ് നോബി ലൂക്കോസ് പലപ്പോഴായി ക്രൂരമായി ഉപദ്രവിച്ചതിനെ തുടർന്നാണ് ഷൈനി വീടുവിട്ടിറങ്ങിയതും വിവാഹമോചനത്തിന് നീങ്ങിയതും. ഭർത്താവിന്റെ ഉപദ്രവത്തെ തുടർന്നാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. ഷൈനി മരിക്കുന്നതിന്റെ തലേന്ന് നോബി വാട്സ്ആപ്പിൽ ചില സന്ദേശങ്ങൾ അയച്ചിരുന്നു. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള സന്ദേശമാണ് അയച്ചതെന്ന് നോബി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതാകാം പെട്ടെന്ന് മരണത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ സംശയം. നോബിക്കെതിരെ 2024 ൽ ഷൈനി തൊടുപുഴ പൊലീസ് സ്റ്റേഷനിൽ ഗാർഹിക പീഡന പരാതി നൽകിയിട്ടുണ്ട്. ഈ കേസിൽ നോബിയുടെ അമ്മയും പ്രതിയാണ്.
9 മാസം മുമ്പ് തൊടുപുഴയിലെ ഭർത്താവിന്റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് എത്തിയത് മുതൽ ഷൈനി പലസ്ഥലങ്ങളിലും ജോലിക്ക് വേണ്ടി ശ്രമിച്ചിരുന്നു. എന്നാൽ മുൻ പരിചയത്തിന്റെ കുറവ് മൂലം എവിടെയും പരിഗണന കിട്ടിയില്ല. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട ഷൈനിക്ക് ജോലി കിട്ടാത്തത് നിരാശയാണ് ഉണ്ടാക്കിയത്. ഇതിനൊപ്പം വിവാഹമോചന കേസ് നീണ്ട് പോകുന്നതും മാനസിക പ്രയാസത്തിലേക്ക് നയിച്ചു.