വടക്കാഞ്ചേരി വിരുപ്പാക്കയിൽ വൈദ്യുതാഘാതമേറ്റ് മധ്യവയസ്കൻ മരിച്ച സംഭവത്തിൽ ദുരൂഹത
തൃശ്ശൂർ വടക്കാഞ്ചേരി വിരുപ്പാക്കയിൽ കാട്ടുപന്നിയെ വേട്ടയാടുന്നതിന് സ്ഥാപിച്ച വൈദ്യുതിക്കെണിയിൽ അകപ്പെട്ട് മധ്യവയസ്കൻ മരിച്ച സംഭവത്തിൽ ദുരൂഹത. ലൈനിൽ നിന്ന് വൈദുതിയെടുക്കാൻ ഉപയോഗിച്ചിരുന്ന തോട്ടികൾ ഊരി മാറ്റിയ നിലയിൽ കണ്ടെത്തിയതാണ് ദുരൂഹതയ്ക്ക് കാരണം. മരിച്ചയാളുടെ ഇടത് കൈപ്പത്തിയും വിരലുകളും സാരമായി പൊള്ളിയിട്ടുണ്ട്. ഫോറൻസിക് വിദഗ്ധരും, ഫിങ്കർ പ്രിൻ്റ് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കുന്നംകുളം എസിപി സന്തോഷ് സി ആർൻ്റെ നേതൃത്വത്തിൽ വടക്കാഞ്ചേരി എസ്എച്ച്ഒ റിജിൻ എംതോമസ്, പ്രിൻസിപ്പൽ എസ്ഐ അനുരാജ് എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. കൂടാതെ വൈദ്യുതി വകുപ്പിൽ നിന്ന് എക്സ്ഇയും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം നടത്തിയിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.