Uncategorized

ഭൂരഹിതരില്ലാത്ത കേരളം: ജില്ലാതല പട്ടയമേള മാർച്ച്‌ 8ന് മലപ്പുറത്ത്, 6532 പട്ടയങ്ങള്‍ വിതരണം ചെയ്യും

മലപ്പുറം: ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യവുമായി റവന്യൂ വകുപ്പ് നടത്തുന്ന ജില്ലാ തല പട്ടയമേള മാർച്ച്‌ എട്ടിന് മലപ്പുറത്ത് നടക്കും. വാരിയൻ കുന്നത്ത് സ്മാരക മുൻസിപ്പൽ ടൗൺ ഹാളിൽ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പട്ടയമേള റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പു മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്യും. മേളയിൽ 6532 പട്ടയങ്ങള്‍ അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യും.

കായിക-വഖഫ്-ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി വി. അബ്ദുറഹ്‌മാന്‍ ചടങ്ങില്‍ അധ്യക്ഷനാവും. ജില്ലയിലെ എം പിമാര്‍, എം എല്‍ എമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. നാല് സ്മാർട്ട് വില്ലേജുകളുടെ ഉദ്ഘാടനവും മാര്‍ച്ച് എട്ടിന് നടക്കും. രാവിലെ ഒമ്പതിന് കാട്ടിപ്പരുത്തി, 11 ന് കോട്ടയ്ക്കല്‍, ഉച്ചയ്ക്ക് 12 ന് പൊന്മള, വൈകുന്നേരം അഞ്ചിന് ചീക്കോട് എന്നീ സ്മാർട്ട്‌ വില്ലേജോഫീസുകളുടെ ഉദ്ഘാടനം റവന്യൂ മന്ത്രി നിര്‍വ്വഹിക്കും.

ജില്ലാതല പട്ടയമേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട അവലോകന യോഗം കളക്‌ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ എഡിഎം എന്‍.എം മെഹറലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഡെപ്യൂട്ടി കളക്ടര്‍മാരായ അന്‍വര്‍ സാദത്ത്, പി.എം. സനീറ, എസ്.എസ്.സരിന്‍, എം.എൽ.എമാരുടെ പ്രതിനിധികൾ, റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button