‘അവൻ സൃഷ്ടിയിൽ നിന്ന് പണം തട്ടി, ഭീഷണിപ്പെടുത്തി’; എയർ ഇന്ത്യാ പൈലറ്റിന്റെ മരണത്തിൽ ആരോപണവുമായി കുടുംബം
മുംബൈ: എയർ ഇന്ത്യ പൈലറ്റ് സൃഷ്ടി തുലിയുടെ മരണത്തിൽ കൂടുതൽ ആരോപണവുമായി കുടുംബം രംഗത്ത്. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അറസ്റ്റിലായ കാമുകൻ സൃഷ്ടിയെ പരസ്യമായി അപമാനിക്കുകയും മാനസികമായി പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്തെന്ന് കുടുംബം ആരോപിച്ചു. തിങ്കളാഴ്ചയാണ് സൃഷ്ടി തുലിയെ മുംബൈയിലെ മാറോൾ ഏരിയയിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാമുകൻ ആദിത്യ പണ്ഡിറ്റുമായി (27) ഫോണിൽ തർക്കമുണ്ടായതിനെ തുടർന്ന് ഡാറ്റ കേബിൾ ഉപയോഗിച്ച് തൂങ്ങിമരിച്ചുവെന്നാണ് നിഗമനം.
സൃഷ്ടി ആത്മഹത്യ ചെയ്തെന്ന് വിശ്വസിക്കുന്നില്ലെന്ന് അമ്മാവൻ വിവേക് തുലി പറഞ്ഞു. സംഭവിച്ചത് ആസൂത്രിത കൊലപാതകമാണ്. അവൾ ശക്തയായിരുന്നു. അല്ലെങ്കിൽ അവൾ പൈലറ്റ് ആകുമായിരുന്നില്ല. അവളുടെ സുഹൃത്ത് ആദിത്യയെ ഞങ്ങൾക്കറിയാമായിരുന്നു. അവൾക്കൊപ്പം പരിശീലനം ആരംഭിച്ചെങ്കിലും അവന് കോഴ്സ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ആദിത്യക്ക് സൃഷ്ടിയോട് അസൂയയായിരുന്നെന്നും മാനസികമായി പീഡിപ്പിച്ചിരുന്നെന്നും അമ്മാവൻ പറഞ്ഞു. സൃഷ്ടിയുടെ ഒരുമാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെൻ്റ് പരിശോധിച്ചു.
ദീപാവലിക്ക് ഏകദേശം 65,000 രൂപ അവൻ്റെ കുടുംബാംഗങ്ങൾക്ക് കൈമാറി. അവൻ അവളെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്ന് ബോധ്യമായി. ബാങ്കിനോട് മുഴുവൻ വർഷത്തെ സ്റ്റേറ്റ്‌മെൻ്റ് ചോദിച്ചിട്ടുണ്ട്. പണം നൽകാൻ സൃഷ്ടി വിസ്സമതിച്ചതാകാം മരണത്തിന് കാരണം. മരിക്കുന്നതിന് 15 മിനിറ്റ് മുമ്പ് അവൾ അമ്മയോടും അമ്മായിയോടും സന്തോഷത്തോടെ സംസാരിച്ചിരുന്നു. താൻ നേരിടുന്ന പീഡനങ്ങളൊന്നും സൃഷ്ടി തൻ്റെ വീട്ടുകാരോട് പറഞ്ഞിട്ടില്ല. ചില കാര്യങ്ങൾ സഹോദരിയോട് സൂചിപ്പിച്ചിരുന്നു. അവളുടെ സുഹൃത്തുക്കളെ കണ്ടപ്പോൾ, അവരാണ് അവൾ എത്രത്തോളം ബുദ്ധിമുട്ട് സഹിച്ചെന്ന് പറഞ്ഞത്.